ഈ വര്‍ഷം അവസാനത്തോടെ ഇത്തരം 16 സ്മാര്‍ട്ട് ടെസ്റ്റിങ് യാര്‍ഡുകള്‍ സജ്ജീകരിക്കാനാണ് റോഡ് ട്രാന്‍സ്പോര്‍ട്ട് അതോരിറ്റിയുടെ തീരുമാനം.

ദുബായില്‍ ഡ്രൈവിങ് ടെസ്റ്റും ഇനി സ്മാര്‍ട്ടാകുന്നു. അൽഖൂസിലെ ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രത്തില്‍ രാജ്യത്തെ ആദ്യ സ്മാര്‍ട്ട് ട്രാക്ക് കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തു. വാഹനത്തിലും ട്രാക്കിലും നിരവധി ക്യാമറകളും സെന്‍സറുകളും സ്ഥാപിച്ചാണ് ഇനി മുതല്‍ ഡ്രൈവിങ് പരിശീലനവും ടെസ്റ്റും നടക്കുക. വാഹനം ഓടിക്കുമ്പോഴുള്ള പിഴവുകള്‍ വാഹനവും ട്രാക്കും തന്നെ രേഖപ്പെടുത്തി കണ്‍ട്രോള്‍ റൂമിലേക്ക് അയക്കുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ ഇത്തരം 16 സ്മാര്‍ട്ട് ടെസ്റ്റിങ് യാര്‍ഡുകള്‍ സജ്ജീകരിക്കാനാണ് റോഡ് ട്രാന്‍സ്പോര്‍ട്ട് അതോരിറ്റിയുടെ തീരുമാനം.

യാർഡിലൂടെ വാഹനം ഓടിക്കുമ്പോള്‍ വഴിയെക്കുറിച്ചുള്ള സൂചകങ്ങൾ വാഹനത്തിലെ സ്ക്രീനിൽ തന്നെ തെളിയും. എല്ലാ വിവരങ്ങളും അപ്പപ്പോള്‍ തന്നെ നീരീക്ഷണ കേന്ദ്രത്തിലിരുന്ന് അറിയാന്‍ കഴിയും. ഇവിടെ നിന്ന് വാഹനം ഓടിക്കുന്നയാൾക്ക് നിർദേശങ്ങള്‍ നൽകാനും കഴിയും. 20 കിലോമീറ്ററായിരിക്കും ടെസ്റ്റിങ് വേഗപരിധി. ഇത് 35 കിലോമീറ്റർ കടന്നാൽ വാഹനം സ്വമേധയാ നിൽക്കും. ഹിൽ ടെസ്റ്റ്, 90 ഡിഗ്രി പാർക്കിങ്, പാരലൽ പാർക്കിങ് ആങ്കിൾ പാർക്കിങ് എന്നിവയാണ് ഇതുവഴി പരിശോധിക്കുന്നത്. ഈ ടെസ്റ്റ് പാസായവർക്ക് റോഡ് ടെസ്റ്റ് ഉള്‍പ്പെടെയുള്ള പരീക്ഷകള്‍ വേറെയും ഉണ്ടായിരിക്കും. വാഹനം ഓടിക്കുന്നയാളല്ലാതെ ഉദ്ദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ആരും വാഹനത്തില്‍ ഉണ്ടാവുകയുമില്ല. വാഹനത്തിന് അകത്തും പുറത്തുമായി അഞ്ചു ക്യാമറകളാണുള്ളത്. വീൽ, ബ്രേക്ക്, എൻജിൻ തുടങ്ങിയവയില്‍ ഉള്‍പ്പെടെ നിരവധി സെൻസറുകളുമുണ്ടായിരിക്കും.