ഫോറന്‍സിക് പരിശോധനയില്‍ അവരുടേത് ഒരു അപകടമരണമാണ് എന്നാണ് ബോധ്യപ്പെട്ടിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും അല്ലാതെയുള്ള അന്വേഷണത്തിലും സംശയകരമായി ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

ദുബായ്: നടി ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ദുബായ് പോലീസ് നടപടികള്‍ അവസാനിപ്പിച്ചു. പബ്ലിക് പ്രോസിക്യൂഷന്‍ ഓഫീസിനെ ഉദ്ധരിച്ച് ഖലീജ് ടൈംസാണ് ഇക്കാര്യം അറിയിച്ചത്. 

ഫോറന്‍സിക് പരിശോധനയില്‍ അവരുടേത് ഒരു അപകടമരണമാണ് എന്നാണ് ബോധ്യപ്പെട്ടിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും അല്ലാതെയുള്ള അന്വേഷണത്തിലും സംശയകരമായി ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ കേസ് ഫയല്‍ ഞങ്ങള്‍ ക്ലോസ് ചെയ്തു... ഒരു ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ശ്രീദേവിയുടെ മരണത്തില്‍ അസാധാരണമായി ഒന്നും കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ അവരുടെ മൃതദേഹം ബന്ധുകള്‍ക്ക് വിട്ടു കൊടുക്കാനുള്ള അനുമതി കൈമാറിയെന്ന് ദുബായ് പോലീസ് രാവിലെ ട്വിറ്ററിലൂടേയും വ്യക്തമാക്കിയിരുന്നു. ബാത്ത്ടബിലേക്ക് കുഴഞ്ഞുവീണ നടി അതില്‍ മുങ്ങി മരിക്കുകയായിരുന്നുവെന്ന് ദുബായ് പോലീസ് വിശദീകരിക്കുന്നു. അബോധാവസ്ഥയില്‍ ശ്വാസകോശത്തില്‍ വെള്ളം നിറഞ്ഞാണ് മരണം സംഭവിച്ചത്. ശ്രീദേവിയുടെ കേസില്‍ അസാധാരണമായി ഒന്നും സംഭവിച്ചിട്ടില്ലെന്നാണ് യുഎഇയിലെ ഇന്ത്യന്‍ അംബാസിഡര്‍ നവദീപ്‌സുരിയും വ്യക്തമാക്കിയത്. സാധാരണഗതിയില്‍ ദുബായില്‍ വച്ച് മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലേക്കയക്കാന്‍ രണ്ട്-മൂന്ന് ദിവസം എടുക്കാറുണ്ടെന്ന് അംബാസിഡര്‍ പറയുന്നു. 

അതേസമയം ദുബായിലെ നടപടികള്‍ പൂര്‍ത്തിയാക്കി ശ്രീദേവിയുടെ ബന്ധുകള്‍ അവരുടെ മൃതദേഹവുമായി ഇന്ത്യയിലേക്ക് തിരിച്ചിട്ടുണ്ട്. രാത്രിയോടെ വിമാനം മുംബൈയിലെത്തും. ശ്രീദേവിയുടെ സംസ്‌കാരം നാളെ വൈകിട്ട് മൂന്നരയ്ക്ക് മുംബൈയിലെ പാര്‍ളെ ശ്മശാനത്തില്‍ നടക്കും എന്നാണ് ഒടുവില്‍ അറിയുന്നത്.