Asianet News MalayalamAsianet News Malayalam

കുടിശിക 2441 കോടി; നിരക്ക് വര്‍ദ്ധനവ് സൂചിപ്പിച്ച് കെ.എസ്.ഇ.ബി

  • വാട്ടര്‍ അഥോറിറ്റി മാത്രം 1219.33 കോടി രൂപ കെഎസ്ഇബിയ്ക്ക് കുടിശികയിനത്തില്‍ കൊടുക്കാനുണ്ട്.  
Dues up to Rs 2441 crore The KSEB indicated a rate increase

തൃശൂര്‍: കുടിശിക പിരിച്ചെടുത്തത് കൊണ്ട് മാത്രം കാര്യമില്ലെന്നും താരിഫ് ക്രമപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് വൈദ്യുതി വകുപ്പ്.  കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ കെ.എസ്.ഇ.ബിയാണ് പ്രതിസന്ധി മറികടക്കാന്‍ 'നിരക്ക് വര്‍ധനവ്' ആവശ്യം പരോക്ഷമായി സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. പെന്‍ഷന്‍ മുടങ്ങിയേക്കുമെന്ന ആശങ്കയറിയിച്ച് കെ.എസ്.ഇ.ബി ചെയര്‍മാന്‍ സർവ്വീസ് സംഘടനകള്‍ക്ക് കത്തയച്ചതിന് പിന്നാലെയാണ് വകുപ്പ് കടുത്ത സാമ്പത്തീക പ്രതിസന്ധിയിലാണെന്ന് അറിയിച്ച് സര്‍ക്കാരിന് കത്തയച്ചത്.  

നാല് വര്‍ഷത്തെ വൈദ്യുതി നിരക്ക് ഒന്നിച്ച് പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ പരിശോധന തുടങ്ങിയിരിക്കേയാണ് ബോര്‍ഡ് സാമ്പത്തിക പ്രതിസന്ധിയും, നിരക്ക് വര്‍ധനവിന്റെ പരോക്ഷ സൂചനയും അറിയിച്ചിരിക്കുന്നതെന്നതാണ് ശ്രദ്ദേയം. 2017 ഡിസംബര്‍ വരെയുള്ള കണക്കെടുത്തതില്‍ 2441.22 കോടിയാണ് വിവിധ സര്‍ക്കാര്‍, പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നായി കെ.എസ്.ഇ.ബിക്ക് കുടിശിക ഇനത്തില്‍  പിരിഞ്ഞ് കിട്ടാള്ളത്. സര്‍ക്കാര്‍ വകുപ്പുകള്‍ 109.09 കോടി, പൊതുമേഖലാ സ്ഥാപനങ്ങള്‍ 1424.91 കോടി, സ്വകാര്യ മേഖലാ സ്ഥാപനങ്ങള്‍ 550.28 കോടി എന്നിങ്ങനെയാണ് കെ.എസ്.ഇ.ബിക്ക് ലഭിക്കാനുള്ള കുടിശിക കണക്ക്. 

വാട്ടര്‍ അഥോറിറ്റി മാത്രം 1219.33 കോടി രൂപ കെഎസ്ഇബിയ്ക്ക് കുടിശികയിനത്തില്‍ കൊടുക്കാനുണ്ട്.  ഇടത് സര്‍ക്കാര്‍ വന്നതിന് ശേഷം 151.52 കോടി രൂപയുടെ കുടിശിക പിരിച്ചെടുക്കാനായെങ്കിലും പൂര്‍ണ്ണമായും പിരിച്ചെടുക്കാനായില്ലെന്നത് ഇപ്പോഴും വകുപ്പിനെ അലട്ടുന്നുണ്ട്. വര്‍ഷങ്ങളായി കുടിശികയുണ്ടെങ്കിലും ഇത് പിരിച്ചെടുക്കുന്നതില്‍ കടുത്ത അലംഭാവമാണ് ബോര്‍ഡ് കാണിക്കുന്നതെന്ന വിമര്‍ശനം ശക്തമാണ്. റവന്യു വിടവ് കണ്ടെത്തുന്നതില്‍ പിരിച്ചെടുക്കാനുള്ള കറണ്ട് ചാര്‍ജ്ജ് കുടിശിക ഉള്‍പ്പെടുന്നില്ല, അതിനാല്‍ കുടിശിക പിരിച്ചെടുക്കുന്നതിലൂടെ മാത്രം സാമ്പത്തിക ഭദ്രത കൈവരിക്കാന്‍ കഴിയില്ലെന്നും, കുടിശിക പിരിച്ചെടുക്കുകയും വരവും ചെലവും തമ്മിലുള്ള വിടവ് പരിഹരിക്കുന്നതിനുള്ള താരിഫ് ക്രമപ്പെടുത്തുകയും, സാമ്പത്തീക കാര്യക്ഷമത കൈവരിക്കല്‍ അടക്കമുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്താലേ പ്രതിസന്ധി മറികടക്കാനാവൂ എന്നാണ് ബോര്‍ഡ് അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞ ഏപ്രിലിലാണ് ഗാര്‍ഹിക ഉപയോക്താക്കളുടെ നിരക്കില്‍ യൂണിറ്റിന് 10 മുതല്‍ 50 വരെ പൈസ വരേയും, ഹൈടെന്‍ഷന്‍, എക്‌സ്ട്രാ ഹൈടെന്‍ഷന്‍ വിഭാഗങ്ങളുടെ നിരക്കില്‍ 30 പൈസ വരെയും വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചത്.  ഇപ്പോള്‍ ഓരോ വര്‍ഷവും നിരക്ക് നിശ്ചയിക്കുന്ന രീതിയാണ് ഇത്.  ഓരോ വര്‍ഷവും നാല് ശതമാനം വര്‍ധന കമ്മിഷന്‍ അനുവദിച്ചിട്ടുണ്ട്.  ഇന്ധന സര്‍ചാര്‍ജ് ആയി യൂണിറ്റിന് 14 പൈസ വര്‍ധിപ്പിക്കണമെന്ന് നേരത്തേ ആവശ്യപ്പെട്ടതിന് പുറമെ യൂണിറ്റിന് നാല് പൈസ കൂടി കൂട്ടണമെന്ന് കഴിഞ്ഞ ഡിസംബറില്‍ കമ്മിഷനോട് ബോര്‍ഡ് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. നിരക്ക് വര്‍ധന സംബന്ധിച്ച് കരട് ചട്ടങ്ങളില്‍ നാല് വര്‍ഷത്തെ വൈദ്യുതി നിരക്ക് ഒന്നിച്ച് പ്രഖ്യാപിക്കാമെന്നത് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.  മറ്റ് പല സംസ്ഥാനങ്ങളിലും ഇത് പ്രാബല്യത്തിലുണ്ട്.  നിരക്ക് വർദ്ധനവിനുള്ള  അവസാന നടപടികളിലാണ് കമ്മീഷന്‍.

Follow Us:
Download App:
  • android
  • ios