കോട്ടയം: യുവതീ പ്രവേശനത്തിന് പിന്നാലെ സംസ്ഥാനത്തുണ്ടായ അക്രമസംഭവങ്ങളില്‍ അയ്യപ്പ കര്‍മ്മസമിതി രക്ഷാധികളെ കുറ്റപ്പെടുത്തി ഡിവൈഎഫ്ഐ. കര്‍മ്മ സമിതിയുടെ നേതവായ മുന്‍ഡിജിപി ടി.പി.സെന്‍കുമാറാണ് കേരളത്തിലെ പൊലീസുകാര്‍ക്കെതിരേയും പൊലീസ് സ്റ്റേഷനുകള്‍ക്കെതിരെയും ആക്രമണം നടത്താന്‍ നേതൃത്വം കൊടുത്തതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. 

ഹര്‍ത്താലിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തുണ്ടായ അക്രമസംഭവങ്ങളില്‍ കര്‍മ്മസമിതി ഭാരവാഹികള്‍ കൂടിയായ പിഎസ്.സി  മുന്‍ ചെയര്‍മാന്‍ ഡോ.കെ.എസ്.രാധാകൃഷ്ണന്‍, അമൃതാനന്ദമയി എന്നിവര്‍ നിലപാട് വ്യക്തമാക്കണമെന്നും മാധ്യമങ്ങളോട് മാപ്പ് പറയാന്‍ സംഘപരിവാര്‍ തയ്യാറാവണമെന്നും ഡിവൈഎഫ്ഐ നേതാക്കള്‍ ആവശ്യപ്പെട്ടു. ഹര്‍ത്താലിന്‍റെ മറവിലുണ്ടായ ആസൂത്രിതമായ ആക്രമണമാണ് ഇതിന് വേണ്ട ആയുധങ്ങളും ബോംബും ആര്‍എസ്എസ് ശേഖരിച്ചിരുന്നു. വർഗീയ സംഘർഷത്തിന് ആർഎസ്എസ് പദ്ധതി ഇട്ടതിന് തെളിവാണ് നെടുമങ്ങാട് കണ്ടത് സമാനമായ സാഹചര്യമായിരുന്നു അടൂരും.

ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെതിരെ രംഗത്തു വന്ന എന്‍എസ്എസിനെതിരെയും ഡിവൈഎഫ്ഐ ശക്തമായ വിമര്‍ശനമാണ് ഉന്നയിച്ചത്.  എൻ എസ് എസ് സ്ഥാപനങ്ങൾക്ക് എതിരെ ആക്രമo നടത്തിയ സംഘടനയാണ് ആർ എസ് എസ് എന്ന് മറക്കരുത്. നാട്ടിൽ നടക്കുന്ന സായുധ കലാപത്തിന് എൻഎസ്എസ് പിന്തുണ നല്‍കുകയാണെന്നും എൻ എസ് എസിന്‍റെ പ്രസ്താവന സുപ്രീം കോടതി വിധിക്കെതിരാണെന്നും ഡിവൈഎഫ്ഐ നേതാക്കള്‍ കുറ്റപ്പെടുത്തി.