കൊച്ചി: കൊച്ചിയില്‍ നടക്കുന്ന ഡിവൈഎഫ്‌ഐ സംഘടനാ റിപ്പോര്‍ട്ടില്‍ കേന്ദ്രനേതാക്കള്‍ക്ക് രൂക്ഷ വിമര്‍ശനം. പലരും പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിട്ടു നില്‍ക്കുന്നു. വനിതകളെ സംഘടനാ ഭാരവാഹിത്വത്തിലേക്ക് കൊണ്ടു വരുന്നില്ല. പ്രവര്‍ത്തനസംഘടനാ റിപ്പോര്‍ട്ടുകളിന്‍മേലുള്ള പൊതുചര്‍ച്ച ഇന്ന് തുടങ്ങും. റിപ്പോര്‍ട്ടകളുടെ പകര്‍പ്പ് ഏഷ്യാനെറ്റ്‌ന്യൂസിന് കിട്ടി.

പ്രവര്‍ത്തന റിപ്പോര്‍ട്ടിലും സംഘടനാ റിപ്പോര്‍ട്ടിലും കേന്ദ്രനേതാക്കള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണുള്ളത്. സ്ഥിരമായി പരിപാടികളില്‍ 25 കേന്ദ്രനേതാക്കള്‍ പോലും പങ്കെടുക്കുന്നില്ല. സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കള്‍ പലരും കൃത്യമായി ചുമതല നിര്‍വ്വഹിക്കാന്‍ തയ്യാറാവുന്നില്ല. പല കേന്ദ്രനേതാക്കളും കേന്ദ്രകമ്മിറ്റി യോഗത്തില്‍ പോലും പങ്കെടുക്കുന്നില്ല. കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ വനിതകളെ സംഘനാ നേൃത്വത്തിലേക്ക് കൊണ്ടുവരാന്‍ തയ്യാറാവുന്നില്ലെന്നും സംഘടനാ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സംഘടനാ,പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ കേരളമടക്കമുള്ള വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ചെത്തിയ പ്രതിനിധികള്‍ ഗ്രൂപ്പ് ചര്‍ച്ച പൂര്‍ത്തിയാക്കി. പൊതുചര്‍ച്ചയ്ക്കും മറുപടിക്കും ശേഷം ഞായറാഴ്ച പുതിയ ഭാരവാഹികളെ സമ്മേളനം തെരഞ്ഞെടുക്കും. നിലവിലുള്ള അഖിലേന്ത്യാ സെക്രട്ടറിയും അഖിലേന്ത്യാ പ്രസിഡണ്ടും ഒഴിവാവും. പകരം കേരത്തില്‍ നിന്നുള്ള പിഎ മുഹമ്മദ് റിയാസും മഹരാഷ്ടയില്‍ നിന്നുള്ള പ്രീതീ ശേഖറും പുതിയ ഭാരവാഹികളാവാനാണ് സാധ്യത. സംഘടനാ ഭാരവാഹികളുടെ കാലാവധി നിശ്ചയിക്കുന്ന ഭരണഘടനാ ഭേദഗതിയും സമ്മേളനം പരിഗണിച്ചേക്കും. ഫെബ്രുവരി അഞ്ചിന് ഉച്ചതിരിഞ്ഞ് പടുകൂറ്റന്‍ യുവജന റാലിയോടെ ഡിവൈഎഫ്‌ഐ പത്താമത് അഖിലേന്ത്യാ സമ്മേളനത്തിന് സമാപനമാവും.