മുന്‍ ആഭ്യന്തരമന്ത്രി കെ.ജെ ജോര്‍ജ്ജ്, സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം മേധാവി എ.എം പ്രസാദ്, ഐജി പ്രണബ് മൊഹന്തി എന്നിവര്‍ നിരന്തരം പീഡിപ്പിക്കുന്നുവെന്ന് ഒരു മാധ്യമത്തിന് അഭിമുഖം നല്‍കിയതിന് ശേഷമാണ് മംഗളുരൂ ഡിവൈഎസ്‌പി എം.കെ ഗണപതി ആത്മഹത്യ ചെയ്തത്. എഎം പ്രസാദ് പണം ആവശ്യപ്പെട്ടുവെന്നും തന്റെ ജീവന് തന്നെ ഭീഷണിയുണ്ടെന്നും ഗണപതി ആരോപിച്ചിരുന്നു. കുടകിലെ ഒരു ലോഡ്ജില്‍ പൊലീസ് യൂണിഫോമും സ‍ര്‍വ്വീസ് റിവോള്‍വറും ഉള്‍പ്പെടെ ധരിച്ച നിലയിലാണ് ഗണപതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. ബംഗളുരുവിലെ യശ്വന്ത്പുറില്‍ സേവനമനുഷ്‌ഠിക്കുമ്പോള്‍ പ്രശാന്ത് എന്ന റൗഡിയെ ഏറ്റുമുട്ടലില്‍ വധിച്ചതിനെ തുടര്‍ന്നുണ്ടായ നിയമ പ്രശ്നങ്ങളുടെ അടിസ്ഥാനത്തില്‍ ഗണപതിയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്നുണ്ടായ നിരന്തര സ്ഥലംമാറ്റങ്ങളില്‍ ഗണപതി അസ്വസ്ഥനായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ സിഐഡി അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

യുവാവിനെ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ട കേസില്‍ ആരോപണവിധേയനായ ചികമംഗ്ലൂര്‍‍ ഡിവൈഎസ്‌പി കല്ലപ്പ ഹന്ദിബാഗ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തിരുന്നു. ഉന്നതോദ്യോഗസ്ഥരും മുന്‍ മന്ത്രിയും പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് വനിത ഡിവൈഎസ്‌പി അനുപമ ഷേണായ് കഴിഞ്ഞ മാസം സര്‍വ്വീസില്‍ നിന്ന് രാജിവച്ചിരുന്നു.