സനല്‍കുമാര്‍ കൊലക്കേസില്‍ പ്രതിയായ ഡിവൈഎസ്പി ബി ഹരികുമാര്‍ കോടതിയില്‍ കീഴടങ്ങാന്‍ ശ്രമിക്കുന്നതായി സൂചന. സ്വമേധയാ കീഴടങ്ങുന്നതിന് മുന്‍പേ പ്രതിയെ പിടികൂടാനുള്ള ഊര്‍ജിത ശ്രമത്തിലാണ് പൊലീസ്.

തിരുവനന്തപുരം: സനല്‍കുമാര്‍ കൊലക്കേസില്‍ പ്രതിയായ ഡിവൈഎസ്പി ബി ഹരികുമാര്‍ കോടതിയില്‍ കീഴടങ്ങാന്‍ ശ്രമിക്കുന്നതായി സൂചന. സ്വമേധയാ കീഴടങ്ങുന്നതിന് മുന്‍പേ പ്രതിയെ പിടികൂടാനുള്ള ഊര്‍ജിത ശ്രമത്തിലാണ് പൊലീസ്. ഇതിനിടെ കേസിലെ പ്രധാന സാക്ഷിയെ ചിലര്‍ ഭീഷണിപ്പെടുത്തി.

ഭീഷണികളെത്തുടര്‍ന്ന് പ്രധാന സാക്ഷിയായ മാഹിന്‍ കൊടുങ്ങാവിളയിലെ തന്റെ ഹോട്ടല്‍ ഉച്ചയോടെ പൂട്ടി. സനല്‍കുമാറിന്റെ കൊലപാതകം നടന്നത് മാഹിന്റെ കടയ്ക്ക് തൊട്ടടുത്തുവച്ചാണ്. കണ്ടകാര്യങ്ങളെല്ലാം പൊലീസിനോട് പറഞ്ഞതിന് പിന്നാലെയാണ് ഭീഷണി തുടങ്ങിയത്.

ഇതിനിടെ പ്രതി ഹരികുമാര്‍ കീഴടങ്ങാന്‍ ശ്രമം തുടങ്ങി. മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്ച മാത്രം പരിഗണിക്കുന്ന സാഹചര്യത്തിലാണ് ഇത്. തിരുവനന്തപുരം ജില്ലയിലെ ഏതെങ്കിലും കോടതിയിലെത്തി കീഴടങ്ങുമെന്ന കണക്കുകൂട്ടലില്‍ അതിന് മുന്‍പേ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലിരിക്കുന്നത് അറസ്റ്റിന് തടസ്സമില്ലെന്ന് അന്വേഷണ സംഘത്തലവനായ എസ്പി കെ എം ആന്റണി പ്രതികരിച്ചു.

ഡിവൈഎസ്പി സുഗതന്റെ നേതൃത്വത്തിലുള്ള പത്തംഗസംഘമാണ് ക്രൈംബ്രാഞ്ച് എസ്പി കെ എം ആന്റണിയുടെ കീഴില്‍ കേസ് അന്വേഷിക്കുന്നത്. ഹരികുമാറിന്റെ ഫോണ്‍ പിന്‍തുടര്‍ന്ന് മധുരയിലെത്തിയ പൊലീസ് സംഘം അവിടെത്തന്നെ തുടരുകയാണ്. തമിഴ്‌നാട്, കേരള അതിര്‍ത്തിയിലും പോലീസ് സംഘം പരിശോധന നടത്തുന്നുണ്ട്.