തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ സനൽ കൊല ചെയ്യപ്പെട്ടതിന്‍റെ എട്ടാം ദിവസമാണ് പ്രതിയായ ഡിവൈഎസ്‍പി ഹരികുമാറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉന്നത ഉദ്യോഗസ്ഥനെതിരായ കേസന്വേഷണത്തിന്‍റെ തുടക്കം മുതൽ പൊലീസ് പ്രതിക്കൂട്ടിലായിരുന്നു. ഒടുവിൽ ഏറെ ദുരൂഹതകൾ ബാക്കിയാക്കിയാണ് ഹരികുമാറിന്‍റെ മരണം. അന്വേഷണത്തിന്റെ നാൾവഴി ഇങ്ങനെ..

നവംബ‍ർ അഞ്ച് രാത്രി. നെയ്യാറ്റിൻകര ഡിവൈഎസ്‍പി ആയിരുന്ന ഹരികുമാറുമായുള്ള മൽപ്പിടുത്തത്തിനിടെ സനൽ വാഹനമിടിച്ച് മരിക്കുന്നു. സുഹൃത്തായ ബിനുവിന്‍റെ വീട്ടിൽ വന്ന് മടങ്ങവേ കാറിന് തടസമായി സനൽ വാഹനം പാർക്ക് ചെയ്തതാണ് പ്രകോപനമായത്. കാറിന് മുന്നിലേക്ക് ഹരികുമാർ മനപ്പൂർവം തള്ളിയിട്ടതാണെന്ന ആരോപണവുമായി ദൃക്സാക്ഷികൾ രംഗത്തെത്തി. ബിനുവുമൊത്ത് സംഭവ രാത്രി തന്നെ ഹരികുമാർ ഒളിവിൽ പോയി. പിറ്റേന്ന് തന്നെ ഡിവൈഎസ്‍പി ഹരികുമാറിന് സസ്പെൻഷൻ ലഭിച്ചു. അന്വേഷണത്തിനായി നെടുമങ്ങാട് എസിപി സുജിത്ത് ദാസിന്‍റെ നേതൃത്വത്തിലുള്ള സംഘത്തെ ചുമതതലപ്പെടുത്തി. അന്വേഷണം തുടങ്ങുന്നതിന് മുന്‍പേ പൊലീസിനുണ്ടായ വീഴ്‍ചകള്‍ പുറത്തുവന്നു. മൃതപ്രായനായ സനലുമായി നെയ്യാറ്റിൻകര സർക്കാർ താലൂക്ക് ആശുപത്രിയിലേക്കാണ് ആദ്യം പോയത്. മെഡിക്കൽ കോളേജാശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് പൊലീസ് സ്റ്റേഷന് മുന്നിൽ വെച്ച് പൊലീസുകാർ ഡ്യൂട്ടി മാറി. ആശുപത്രിയിലെത്തിക്കാൻ വൈകിയതിയിൽ പൊലീസുകാർക്ക് വീഴ്‍ചയുണ്ടായെന്ന സ്പെഷ്യൽ ബ്രാ‍ഞ്ച് റിപ്പോ‍ട്ടിന്‍റെ അടിസ്ഥാനത്തിൽ രണ്ട് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്‍തു. അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുന്നെന്ന് സനലിന്‍റെ കുടുംബം ആരോപിച്ചു.

തലയ്ക്കേറ്റ ആഴത്തിലുള്ള മുറിവാണ് സനലിന്‍റെ മരണകാരണമെന്ന് പോസ്റ്റുമോർട്ടം പ്രാഥമിക റിപ്പോർട്ട് പുറത്തുവരുന്നു. പ്രതിഷേധം ശക്തമായി ഉയരുന്നതിനിടെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈം ബ്രാഞ്ച് എസ്‍പി കെഎം ആന്‍റണി അന്വേഷണം ഏറ്റെടുത്തു. പക്ഷെ പ്രതി ഹരികുമാ‍ർ ഒളിവിൽ തുടർന്നു. തമിഴ്‍നാട്ടില്‍ നിന്നും കർണാടകയിലേക്ക് കടന്നതായി വിവരം. അതിനിടെ മുൻകൂർ ജാമ്യാപേക്ഷയും ഹരികുമാർ ഫയൽ ചെയ്‍തു. ഹരികുമാറിനെ കൊലപ്പെടുത്താനുള്ള ആസൂത്രിത നീക്കമാണ് നടന്നതെന്ന് സഹോദരൻ ആരോപിച്ചു.

അന്വേഷണം ഫലപ്രദമല്ലെന്ന വിമർശനം കനത്തതോടെ അന്വേഷണത്തലവനായി ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്തിനെ ചുമതലപ്പെടുത്തി. പിന്നാലെ അറസ്റ്റുകൾ ആരംഭിക്കുന്നു. തമിഴ്‍നാട് തൃപ്പരപ്പിൽ ഒളിവിൽ കഴിയാൻ ഹരികുമാറിനെ സഹായിച്ച അക്ഷയ ടൂറിസ്റ്റ് ഹോം മാനേജർ സതീഷ് ആദ്യം അറസ്റ്റിലായി. പ്രതികൾക്ക് കാ‍ർ മാറ്റി നൽകിയ ബിനുവിന്‍റെ മകൻ അനൂപ് കൃഷ്ണ പിന്നാലെ അറസ്റ്റിൽ. ഹരികുമാർ ഉപയോഗിച്ചിരുന്ന കാർ സഹോദരന്‍റെ വീട്ടിൽ നിന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. ഇതോടെ ഒളിവിലുള്ള പ്രതികൾ കനത്ത സമ്മർദ്ദത്തിലായി. ഹരികുമാറിന്‍റെ സഹോദരനെയും കസ്റ്റഡിയിലെടുക്കാൻ ക്രൈംബ്രാഞ്ച് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ഇന്നലെ ഹരികുമാർ നാട്ടിൽ തിരിച്ചെത്തി. കീഴടങ്ങാൻ ഒരുങ്ങുന്നെന്ന വിവരം ശക്തമാകുന്നതിനിടെയാണ് ഹരികുമാറിനെ കല്ലമ്പലത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രിയോടെ ഹരികുമാറിനൊപ്പം ഒളിവിൽ പോയ സുഹൃത്ത് ബിനുവും ഡ്രൈവർ രമേശും ക്രൈം ബ്രാഞ്ച് ഓഫീസിൽ കീഴടങ്ങി.