നഷ്ടപരിഹാരം ലഭിക്കാന്‍ ദുരിതാശ്വാസ ക്യാംപുകളില്‍ പോകണമെന്നില്ലെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്ര ശേഖരന്‍. നഷ്ടം സംഭവിച്ച എല്ലാവര്‍ക്കും നഷ്ടപരിഹാരം ലഭിക്കും. എന്നാല്‍ നഷ്ടം തിട്ടപ്പെടുത്താനായി റവന്യൂ വകുപ്പ് വിശദമായ പരിശോധന നടത്തുമെന്നും റവന്യൂ മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം: നഷ്ടപരിഹാരം ലഭിക്കാന്‍ ദുരിതാശ്വാസ ക്യാംപുകളില്‍ പോകണമെന്നില്ലെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്ര ശേഖരന്‍. നഷ്ടം സംഭവിച്ച എല്ലാവര്‍ക്കും നഷ്ടപരിഹാരം ലഭിക്കും. എന്നാല്‍ നഷ്ടം തിട്ടപ്പെടുത്താനായി റവന്യൂ വകുപ്പ് വിശദമായ പരിശോധന നടത്തുമെന്നും റവന്യൂ മന്ത്രി വ്യക്തമാക്കി. 

പ്രളയക്കെടുതി സര്‍വനാശം വിതച്ച 11 ജില്ലകളില്‍ ഏതെങ്കിലും വിധത്തില്‍ നഷ്ടം സംഭവിക്കാത്തവര്‍ വിരളം. ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവര്‍ ഒന്പത് ലക്ഷത്തിലേറെ. ജീവിതം തിരിച്ചു പിടിക്കാന്‍ സര്‍ക്കാര്‍ സഹായം കൂടിയേ തീരൂ. ഈ ഘട്ടത്തില്‍ നഷ്ടം പരിഹാര കാര്യത്തില്‍ നടക്കുന്ന പ്രചാരണങ്ങളെ തളളുകയാണ് റവന്യൂ മന്ത്രി.

ദുരിതാശ്വാസ ക്യാംപുകളില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് നഷ്ടപരിഹാരം കിട്ടില്ലെന്ന പ്രചാരണമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രധാനമായി നടക്കുന്നത്. ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് തുടങ്ങിയ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്കും തെളിവുകള്‍ സൂക്ഷിക്കാത്തവര്‍ക്കും നഷ്ടപരിഹാരത്തിന് അര്‍ഹതയില്ലെന്നും പ്രചാരണമുണ്ട്.

നഷ്ടം സംഭവിച്ചവര്‍ക്കെല്ലാം സഹായത്തിന് അര്‍ഹതയുണ്ടെന്ന് മന്ത്രി പറഞ്ഞു. പക്ഷേ അര്‍ഹത ഉറപ്പാക്കാന്‍ സൂക്ഷ്മ പരിശോധന നടത്തും. വെളളം ഇറങ്ങിയ ശേഷം നഷ്ടത്തിന്‍റെ കണക്കെടുപ്പ് തുടങ്ങുമെന്നും ഇ. ചന്ദ്രശേഖരന്‍ വ്യക്തമാക്കി.