അഹമ്മദാബാദ്: കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അപകീര്‍ത്തിപ്പെടുത്താന്‍ ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ ഇലക്രേ്ടാണിക് പരസ്യങ്ങള്‍ വഴി പപ്പു; എന്ന വാക്ക് ഉപയോഗിക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്.ഗുജറാത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സോഷ്യല്‍മീഡിയയില്‍ പരസ്യങ്ങളും പ്രചരണങ്ങളും ഉണ്ടാക്കി ബിജെപി ഈ അടവ് വ്യാപകമായി ഉപയോഗിച്ചു. ഇതിനെതിരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ തെരഞ്ഞെടുപ്പ് സമിതിയുടെ കീഴിലുള്ള മീഡിയ കമ്മറ്റിയുടെ മുന്നില്‍ സമര്‍പ്പിക്കണം. ഒക്ടോബറിലാണ് ബിജെപി തങ്ങളുടെ പ്രചാരണ പരസ്യം മീഡിയ കമ്മറ്റിയുടെ മുന്നില്‍ സമര്‍പ്പിച്ചത്. പരസ്യത്തിലെ പപ്പു എന്ന വാക്ക് അപകീര്‍ത്തികരമാണെന്നും ആ വാക്ക് നീക്കം ചെയ്യണമെന്നും കമ്മറ്റി ആവശ്യപ്പെട്ടു.

എന്നാല്‍ പപ്പു എന്ന വാക്കിന് ആരുമായും ബന്ധമില്ലെന്നും ആരെയും ഉദ്ദേശിച്ചല്ല പപ്പു എന്ന വാക്ക് സ്ക്രിപ്റ്റില്‍ ചേര്‍ത്തതെന്നും ബിജിപി വക്താവ് കമ്മറ്റിയോട് വെളിപ്പെടുത്തി. തീരുമാനം ഒന്നുകൂടി പരിശോധിക്കണം എന്ന ബിജെപിയുടെ ആവശ്യവും സമിതി തള്ളി. പപ്പു എന്ന വാക്ക് മാറ്റി പുതിയ സ്ക്രിപ്റ്റ് സമര്‍പ്പിക്കുമെന്ന് ബിജെപി വൃത്തങ്ങള്‍ അറിയിച്ചു.

രാഹുല്‍ ഗാന്ധിയെ പരിഹസിക്കുന്നതിനായി ബിജെപി രൂപപ്പെടുത്തിയ ഈ ഹാഷ് ടാഗ് ബൂമറാങ്ങുപോലെ തിരിച്ചടിച്ചിരുന്നു. സമൂഹമാധ്യമങ്ങളില്‍ പപ്പു രാഹുലല്ല മറിച്ച്, മോദിയാണ് എന്ന പ്രചരണം ഉണ്ടായിരുന്നു. ബിജെപിയും സംഘപരിവാറും സൃഷ്ടിച്ച പപ്പു ടാഗിലൂടെ സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ പോലും പരിഹാസത്തിനു പത്രമായിരുന്നു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍.