ഭോപ്പാല്‍: മധ്യപ്രദേശിൽ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിൽ ആർക്കു വോട്ടു ചെയ്താലും താമരചിഹ്നത്തിൽ വീഴുന്നു എന്ന റിപ്പോർട്ട് പുറത്തുവന്നത് ദേശീയതലത്തിൽ പ്രതിപക്ഷം സർക്കാരിനെതിരെ ആയുധമാക്കുന്നു. ഇവിഎം ഉപയോഗിക്കുന്നത് നിറുത്തി ബാലറ്റ് പേപ്പർ തിരികെ കൊണ്ടു വരണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസും ആം ആദ്മി പാർട്ടിയും തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു.
മധ്യപ്രദേശിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഭിണ്ടിൽ മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ സലീന സിംഗ് മാധ്യമങ്ങളുടെ സാന്നിധ്യത്തിൽ വോട്ടു ചെയ്തത് ശരിയോണോ എന്ന് നോക്കാൻ പേപ്പർ സ്ലിപ്പ് കിട്ടുന്ന വിവിപാറ്റ് സംവിധാനം പരിശോധിച്ചിരുന്നു. എന്നാൽ ഏതു ബട്ടൺ അമർത്തിയാലും കിട്ടുന്ന സ്ലിപ്പിൽ താമരചിഹ്നത്തിന് വോട്ടു പോയി എന്നാണ് രേഖപ്പെടുത്തി വന്നതെന്ന് അവിടെയുണ്ടായിരുന്ന ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വലിയ നാണക്കേടായതോടെ സലീന സിംഗ് ഈ ദൃശ്യം പുറത്തു വിടുന്ന മാധ്യമപ്രവർത്തകരെ കസ്റ്റഡിയിലെടുക്കും എന്ന മുന്നറിയിപ്പു നല്കുന്നതും റിപ്പോർട്ടിലുണ്ട്. വൈകിട്ട് ദ്വിഗ്വിജയ്സിംഗ്, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട കോൺഗ്രസ് നേതാക്കൾ ബാലറ്റ് പേപ്പർ തിരികെ കൊണ്ടു വരണമെന്ന് ആവശ്യപ്പെട്ടു.
ഇവിഎം സോഫ്റ്റ് വെയർ മാറ്റിയെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദങ്ങൾ അംഗീകരിക്കാനാവില്ലെന്നും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ആരോപിച്ചു അതേസമയം വോട്ടിംഗ് യന്ത്രങ്ങൾ പൂർണ്ണമായും സുരക്ഷിതമാണെന്നും അസത്യ റിപ്പോർട്ടുകളാണ് പ്രചരിക്കുന്നതെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ആവർത്തിച്ചു.
ഉത്തർപ്രദേശിൽ ഇവിഎം ക്രമക്കേടിലൂടെയാണ് ബിജെപി വിജയിച്ചതെന്ന് ബി.എസ്.പി അദ്ധ്യക്ഷ മായാവതി ആരോപണത്തിന്‍റെ പശ്ചാത്തലത്തിൽ കൂടിയാണ് മധ്യപ്രദേശിലെ ഈ സംഭവം വലിയ വിവാദമാകുന്നത്.
