തിരുവനന്തപുരം: ചെറിയ പെരുന്നാളിന്റെ നിറവില്‍ വിശ്വാസികള്‍. പ്രാര്‍ത്ഥനാനിരതമായ പകലിനും ആഘോഷത്തിന്റെ പകിട്ടിനുമൊപ്പം, കുടുംബബന്ധങ്ങളും സൗഹൃദങ്ങളും ഊട്ടിയുറപ്പിക്കുന്ന വേള കൂടിയാണ് പെരുന്നാള്‍.

പ്രാര്‍ത്ഥനാനിര്‍ഭരമായ നോമ്പുകാലം കടന്നെത്തുന്ന പെരുന്നാളമ്പിളി, മാനത്തും മനസ്സുകളിലും സന്തോഷത്തിന്റെ പ്രകാശം പരത്തുന്ന പെരുന്നാള്‍ ദിനം.ശവ്വാല്‍ പിറക്കുമ്പോള്‍ തെളിയുന്നു,വിരല്‍ത്തുമ്പുകള്‍ തുടുത്ത് മൈലാഞ്ചിയുടെ മൊഞ്ച്.

ഈദ്ഗാഹുകളിലും തറവാടുകളിലും കുടുംബവീടുകളിലും സൗഹൃദത്തിന്റെയും കൂടിച്ചേരലുകളുടെയും ആഘോഷാന്തരീക്ഷം.അങ്ങനെ ഓരോപെരുന്നാളും പറയുന്നത് വരുംകാലത്തേക്ക് ഓര്‍ത്തുവെക്കാനുള്ള ഒരായിരം കഥകള്‍.

ഒപ്പം, പിന്നിട്ടവഴികളിലൂടെയുള്ള സഞ്ചാരത്തിനും പേരക്കുട്ടികള്ക്കായുള്ള കഥപറച്ചിലിനും എല്ലാം കൂടിച്ചേരലിന്റെ ഈ ദിനം സാക്ഷിയാകും.ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്ക് ഏഷ്യാനെറ്റ് ന്യൂസിന്റെ ഹൃദയംനിറഞ്ഞ പെരുന്നാള്‍ദിനാശംസകള്‍.