കാലവര്‍ഷത്തിനു പുറമെ തുലാവര്‍ഷവും ഇത്തവണ ഇടുക്കി പദ്ധതിയുടെ വൃഷ്ടി പ്രദേശത്ത് കുറവായിരുന്നു. അതിനാല്‍ 800 ദശലക്ഷം യൂണിറ്റോളം വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ മാത്രമുള്ള വെള്ളമാണ് ഇടുക്കി സംഭരണിയിലുള്ളത്. ഡാമിലെ ജലനിരപ്പ് 2280 അടിയിലെത്തിയാല്‍ വൈദ്യുതി ഉല്‍പ്പാദനം നിര്‍ത്തി വയ്‌ക്കേണ്ടി വരും. നിലവില്‍ അണക്കെട്ടില്‍ 37.3 ശതമാനം വെള്ളം മാത്രമാണുള്ളത്. കഴിഞ്ഞ തലണ ഇതേ സമയത്ത് 2362 അടി വെള്ളം ഇടുക്കിയിലുണ്ടായിരുന്നു.

അതായത് സംഭരണ ശേഷിയുടെ 57 ശതമാനം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 23 അടി വെള്ളത്തിന്റെ കുറവാണ് അണക്കെട്ടില്‍. സംഭരണ ശേഷിയുടെ 20 ശതമാനത്തിന്റെ കുറവ്. അഞ്ചു മാസം കൂടി വേനല്‍ നീണ്ടു നില്‍ക്കുമെന്നതിനാലാണ് മൂലമറ്റത്തെ വൈദ്യുതി ഉല്‍പ്പാദനം കുത്തനെ കുറക്കാന്‍ വൈദ്യുതി വകുപ്പ് തീരുമാനിച്ചത്. പ്രതിദിനം രണ്ടര ദശലക്ഷം യൂണിറ്റ് വൈദ്യുതിയേ ഇപ്പോള്‍ ഉല്‍പ്പാദിപ്പിക്കുന്നുള്ളൂ. 11 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന സ്ഥാനത്താണിത്.

വൈദ്യുതി ഉല്‍പ്പാദനം ഇനിയും വര്‍ദ്ധിപ്പിച്ചാല്‍ ജൂണ്‍ മാസത്തിനു മുമ്പേ ഉല്‍പ്പാദനം പൂര്‍ണമായും നിര്‍ത്തി വയ്‌ക്കേണ്ടി വരുമെന്നാണ് കെഎസ്ഇബിയുടെ ആശങ്ക. ഇപ്പോഴത്തെ നിലയിലാണെങ്കില്‍ മെയ് അവസാനം വരെ ഉല്‍പ്പാദനം തുടരാനാകും. ജൂണ്‍ ആദ്യം മുതല്‍ മഴ കിട്ടുമെന്നാണ് പ്രതീക്ഷ. മെയ് മാസത്തില്‍ വേനല്‍ മഴ ലഭിച്ചില്ലെങ്കില്‍ സ്ഥിതിഗതികള്‍ കൂടുതള്‍ സങ്കീര്‍ണമാകും.