കോഴിക്കോട് താമരശ്ശേരിയില്‍ അവശനിലയിലായ ആനയോട് കൊടുംക്രൂരത. രണ്ട് കാലിലും വൃണങ്ങളുള്ള ആനയെ തടി പിടിപ്പിക്കാന്‍ എത്തിച്ചു.

കഴിഞ്ഞ ദിവസം വൈകിട്ടാണ് മൂന്നാംതോടില്‍ തടിപിടിപ്പിക്കാന്‍ അവശനിലയിലുള്ള ആനയെ എത്തിച്ചത്. മുന്‍കാലുകളില്‍ വൃണം ബാധിച്ച ആനയ്‌ക്ക് നടക്കാന്‍ പോലും കഴിയുമായിരുന്നില്ല. അവശനിലയിലുള്ള ആനയെ ജോലിചെയ്യിപ്പിക്കാന്‍ ശ്രമിക്കുന്നത് കണ്ട നാട്ടുകാര്‍ വിവരം വനംവകുപ്പ് അധികൃതരെ അറിയിച്ചു. കൂടത്തായി സ്വദേശി ഹുസൈന്റെ ഉടമസ്ഥതയിലുള്ളതാണ് ആന. കാലിന് രണ്ട് ശസ്‌ത്രക്രിയകള്‍ കഴിഞ്ഞ ആനയാണിത്. പൂര്‍ണ ആരോഗ്യമില്ലാത്ത ആനയെകൊണ്ട് ജോലി ചെയ്യിപ്പിക്കരുതെന്നാണ് ചട്ടം. ആനയെ പീഡിപ്പിച്ചവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ജോലി ചെയ്യിപ്പിക്കുന്നതിനെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി എത്തിയതോടെ ആനയെ താമരശ്ശേരിയില്‍ നിന്നും തിരികെ കൊണ്ടുപോയി. സംഭവത്തില്‍ വനം വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഏഷ്യെനെറ്റ് ന്യസ് വാര്‍ത്തയെ തുടര്‍ന്ന് മൃഗസംരക്ഷണ പ്രവര്‍ത്തകരുടെ കൂട്ടായ്മയും സംഭവത്തില്‍ ഉടപെട്ടിട്ടുണ്ട്.