ജഡത്തിന് മൂന്ന് ദിവസത്തിലധികം പഴക്കമുള്ളതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍
ഇടുക്കി : കൂട്ടംതെറ്റി നാട്ടിലിറങ്ങിയ കുട്ടിക്കൊമ്പന്റെ അമ്മയുടേതെന്ന് കരുതുന്ന ജഡം ഇന്നലെ ഉച്ചയോടെ ചിന്നക്കനാലില് നിന്നും ഒരുകിലോമീറ്റര് അകലെയുള്ള മരപ്പാലത്തിന് സമീപം കണ്ടെത്തി. കുട്ടിയാനയുടെ അമ്മയെ അന്വേഷിച്ച് വനപാലകരും നാട്ടുകാരും പ്രദേശത്ത് തെരച്ചില് നടത്തുന്നതിനിടെയാണ് വനത്തിനകത്ത് ഇരുപത്തഞ്ച് വയസോളം പ്രായമുള്ള പിടിയാനയുടെ ജഡം കണ്ടെത്തിയത്.
ജഡത്തിന് മൂന്ന് ദിവസത്തിലധികം പഴക്കമുള്ളതായി വനംവകുപ്പ് ഉദ്യോഗസ്ഥര് പറഞ്ഞു. മലഞ്ചെരിവില് കുറ്റിക്കാടും പാറക്കെട്ടും നിറഞ്ഞ ഭാഗത്താണ് ആനയുടെ ജഡം കണ്ടത്. കോന്നി ഫോറസ്റ്റ് വെറ്റനറി സര്ജന് സി.എസ്.ജയകുമാര്, ഡോ. അബ്ദുള് സത്താര് എന്നിവരുടെ നേതൃത്വത്തില് ഉദ്യോഗസ്ഥര് സ്ഥലത്തെത്തി ആനയുടെ ജഡം പോസ്റ്റുമോര്ട്ടം നടത്തി. വീഴ്ച്ചയുടെ ആഘാതത്തിലുണ്ടായ മുറിവുകളാണ് ആനയുടെ മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
പോസ്റ്റുമോര്ട്ടം റിപ്പോര്ട്ട് ലഭിച്ചാല് മരണകാരണം കൂടുതല് വ്യക്തമാകും. പോസ്റ്റുമോര്ട്ടം നടപടികള്ക്ക് ശേഷം ജഡം വനത്തില് തന്നെ ദഹിപ്പിച്ചു. കുട്ടിയാനയെ ഇന്ന് രാവിലെ വരെ സിമന്റ്പാലത്തെ താല്ക്കാലിക കൂട്ടില് താമസിപ്പിക്കുമെന്നും ഇതിനിടയില് തള്ളയാനയുടെ സംഘത്തിലുണ്ടായിരുന്ന മറ്റ് ആനകള് എത്തി തിരികെ കൊണ്ടുപോയില്ലെങ്കില് കുട്ടിയാനയെ ഏതെങ്കിലും ആനവളര്ത്തല് കേന്ദ്രത്തിലേക്ക് മാറ്റുമെന്നും മൂന്നാര് ഡിഎഫ്ഒ നരേന്ദ്രബാബു പറഞ്ഞു.
ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് ചിന്നക്കനാല് വെലക്ക് ഭാഗത്തുനിന്നും കുട്ടിയാന ചിന്നക്കനാല് ടൗണിലെത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥര് സ്ഥലത്തെത്തി കുട്ടിയാനയെ ചൊവ്വാഴ്ച്ച വൈകുന്നേരത്തോടെ വനാതിര്ത്തിയിലുള്ള താല്ക്കാലിക കൂട്ടിലേക്ക് മാറ്റിയിരുന്നു. കുട്ടിയാനയെ താമസിപ്പിച്ചിരിക്കുന്ന പ്രദേശത്ത് രണ്ട് ആനക്കൂട്ടങ്ങള് ചുറ്റിത്തിരിയുന്നുണ്ടെന്നാണ് വനപാലകരും നാട്ടുകാരും പറയുന്നത്. ദേവികുളം റേഞ്ച് ഓഫീസര് നിബു കിരണിന്റെ നേതൃത്വത്തില് വനപാലകസംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
