ടിസണ്‍ തച്ചങ്കരിയുടെ എസ്റ്റേറ്റില്‍ കാട്ടാന ചരിഞ്ഞ സംഭവം: കേസ് വാച്ചറിലൊതുക്കി വനംവകുപ്പ്

ഇടുക്കി: ചിന്നക്കനാലിൽ ടോമിൻ തച്ചങ്കരിയുടെ സഹോദരൻ ടിസൺ തച്ചങ്കരിയുടെ എസ്റ്റേറ്റിൽ വൈദ്യതാഘാത മേറ്റ് കാട്ടാന ചരിഞ്ഞ കേസ് എസ്റ്റേറ്റ് വാച്ചറിൽ ഒതുക്കി വനംവകുപ്പ്. വാച്ചറുടെ നോട്ടപ്പിഴവുകൊണ്ട് സോളാർ വൈദ്യുത വേലിയിൽ അധിക വോൾട്ടേജിൽ വൈദ്യുതി എത്തിയതാണ് അപകടത്തിന് കാരണമെന്നാണ് വനം വകുപ്പിന്റെ കണ്ടെത്തൽ.

സോളാർ വൈദ്യുത വേലിയുമായി ബന്ധപ്പെട്ട യന്ത്രത്തിലെ തകരാറാണ് അപകടത്തിന് കാരണമെന്ന് വ്യക്തമാക്കുന്ന വനം വകുപ്പ് അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് ഡിഎഫ്ഒയ്ക്ക് കൈമാറി. അപകടത്തിന് കാരണം വാച്ചറുടെ മാത്രം വീഴ്ചയെന്ന് വരുത്തി എസ്റ്റേറ്റ് ഉടമയെ രക്ഷിക്കുന്ന റിപ്പോർട്ട് നിയമോപദേശം കിട്ടിയാലുടൻ ഹൈക്കോടതിയിൽ സമര്‍പ്പിക്കും. 

കഴിഞ്ഞ ആഗസ്തിലാണ് ചിന്നക്കനാൽ തച്ചങ്കരി എസ്റ്റേറ്റ് കവാടത്തിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. വന്യമൃഗങ്ങളെ തടയാൻ സ്ഥാപിച്ച സോളാര്‍ വേലിയിൽ നിന്നാണ് ആനയ്ക്ക് ഷോക്കേറ്റത്. എസ്റ്റേറ്റ് വാച്ചര്‍ ഉടുന്പിൻചോല സ്വദശി ഷിജോയെ ഒന്നാം പ്രതിയായും എസ്റ്റേറ്റ് ഉടമ ടിസൻ തച്ചങ്കരിയെ രണ്ടാം പ്രതിയാക്കിയും വനം വകുപ്പ് കേസെടുത്തു.

ഷിജോയെ മാത്രമാണ് അറസ്റ്റ് ചെയ്തത്. മുൻകൂര്‍ ജാമ്യം നേടിയതിനാൽ ടിസന്റെ അറസ്റ്റുണ്ടായില്ല. സോളാര്‍ വേലിയിലേക്ക് വൈദ്യുതി കടത്തിവിടാൻ സമീപത്തെ ഇലക്ട്രിക് പോസ്റ്റിൽ നിന്ന് ലൈൻ വലിച്ചിരുന്നെന്ന ആരോപണം വനം വകുപ്പ് തള്ളുന്പോഴും, നാട്ടുകാർ പരാതിയിൽ ഉറച്ച് നിൽക്കുകയാണ്.