ഇടുക്കി: മറയൂരിൽ ഇനി ജനവാസ കേന്ദ്രത്തിൽ കാട്ടാന ഇറങ്ങിയാൽ ചുവപ്പ് വിളക്ക് കത്തും. ഒപ്പം നാട്ടുകാരുടെ ഫോണുകളിലേക്ക് സന്ദേശവുമെത്തും. കാട്ടാനകളിൽ നിന്നും നാട്ടുകാരുടെ ജീവനും സ്വത്തും സംരക്ഷിക്കാനുളള വനംവകുപ്പിന്റെ പുതിയ ക്രമീകരണങ്ങളാണിവയൊക്കെ.

കാട്ടാനയുടെ സാന്നിദ്ധ്യമറിയാതെ മുന്നിൽ ചെന്നുപെട്ട് പലർക്കും ജീവഹാനിയുൾപ്പെടെ സംഭവിച്ചതോടെയാണ് വനംവകുപ്പ് മറയൂരിൽ എലിഫെന്റ് ഏർലി വാണിങ് സിസ്റ്റം ഏർപ്പെടുത്തിയത്. വിസ്തൃതമായ പ്രദേശത്ത് ഉയരത്തിൽ ചുവപ്പ് വിളക്ക് സ്ഥാപിച്ചും, അഞ്ചംഗ പ്രാഥമിക പ്രതികരണ സംഘം രൂപീകരിച്ചുമാണ് പ്രവർത്തനം. ഇതനുസരിച്ച് കാട്ടിൽ നിന്ന് ആന ജനവാസ കേന്ദ്രത്തിലേക്ക് നീങ്ങിയാൽ ചുവപ്പ് വിളക്ക് കത്തുകയും വനംവകുപ്പിന് വിവരം ലഭിക്കുകയും ചെയ്യും.

നിരന്തരം കാട്ടാനകൾ ഇറങ്ങുന്ന കരിമുട്ടി, ബാബുനഗർ, നൂറ് വീട്, പുറവയൽ, നിവാസികൾക്കെല്ലാമാണ് ഇതിന്റെ പ്രയോജനം കിട്ടുക. ഇവിടങ്ങളിലെ അഞ്ഞൂറോളം പേരുടെ ഫോൺ നമ്പരുകളിലേക്ക് കാട്ടാന ഇറങ്ങുന്നതായ സന്ദേശം ലഭിക്കുന്നതോടെ മുൻകരുതലുകളെടുക്കാൻ കഴിയും. ഇരുചക്ര വാഹനങ്ങളിലും കാൽനടയായുമൊക്കെ ആളുകൾ കാട്ടാനകളുടെ മുന്നിലെത്തി അപായപ്പെടുന്നതൊഴിവാക്കുകയാണ് ഇതിലൂടെ വനംവകുപ്പിന്റെ ലക്ഷ്യം.