കൊച്ചിയിൽ വ്യാപാരിയുടെ വീട്ടിൽ നിന്ന് ആനക്കൊമ്പുകളും ചന്ദനമുട്ടികളും പിടികൂടിയ കേസ് സംസ്ഥാന വനംവകുപ്പിന് കൈമാറും. അനധികൃതമായി ആനക്കൊമ്പ് സൂക്ഷിച്ച വ്യാപാരി മനീഷ് ഗുപ്തയെ കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ല. കഴിഞ്ഞ ദിവസം പിടികൂടിയ ആനക്കൊമ്പടക്കമുള്ളവ പെരുമ്പാവൂരിലെ വനംവകുപ്പ് ഓഫീസിലേക്ക് മാറ്റി.
കടവന്ത്ര നേതാജി ക്രോസ് റോഡിൽ താമസിക്കുന്ന ഉത്തർ പ്രദശ് സ്വദേശിയും കൊച്ചിയിലെ വ്യാപാരിയുമായ മനീഷ് ഗുപ്തയുടെ വീട്ടിൽ നിന്നായിരുന്നു കഴിഞ്ഞ ദിവസം കേന്ദ്ര ഏജൻസിയായ വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ യൂണിറ്റ് ആനക്കൊമ്പും തലയോട്ടിയോട് കൂടിയ മാൻകൊമ്പും, ചന്ദനമുട്ടികളും പിടിച്ചെടുത്തത്. വനംവകുപ്പും എസ്പിസിഎയുമായി സംഹകരിച്ചായിരുന്നു പരിശോധന. പെരുമ്പാവൂർ സ്വദേശിയിൽ നിന്നാണ് മനീഷ് ഗുപ്ത ആനക്കൊമ്പ് വാങ്ങിയതെന്ന് സ്വാഡ് കണ്ടെത്തിയിട്ടുണ്ട്. മാൻകൊമ്പ് എവിടെയനിന്ന് ലഭിച്ചു എന്ന് വ്യക്തമായിട്ടില്ല. കസ്തൂരി മാൻ ഗണത്തിൽ പെടുന്ന മാനിന്‍റെതാണ് കൊമ്പെന്നാണ് നിഗമനം. ഫോറൻസിക് പരിശോധന ഫലം വന്നാൽ മാത്രമായിരിക്കും ഏത് മാനിന്‍റെ കൊമ്പാണിതെന്ന് വ്യക്തമാകുക. അഞ്ച് കിലോ ഭാരമുള്ള ചന്ദനമുട്ടികൾ മറയൂരിൽ നിന്ന് എത്തിച്ചതാണെന്ന കുടുംബാംഗങ്ങൾ മൊഴി നൽകിയിട്ടുണ്ട്. ഷെഡ്യൂൾ ഒന്നിൽ പെടുന്ന ആനമ്പും മാൻകൊമ്പും സൂക്ഷിക്കുന്നതിന് ചീഫ് വൈൽഡ് ലൈഫ് വാർഡന്‍റെ അനുമതി അടക്കം ലഭിക്കണം എന്നാൽ ഇത്തരം രേഖയൊന്നും ഹാജരാക്കാൻ മനീഷ് ഗുപ്തയ്ക്കായിട്ടില്ല. നിയമപരമല്ലാതെ ആനക്കൊമ്പ് സൂക്ഷിക്കുക അടക്കം മൂന്ന് വകുപ്പുകൾ പ്രകാരം മനീഷ് ഗുപ്തയെക്കെതിരെ കേസ് എടുത്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്ന വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോ ആവശ്യപ്പെട്ടിട്ടും മനീഷ് ഗുപ്ത ഇതുവരെ ഹാജരായിട്ടില്ല. നിലവിൽ പെരുമ്പാവൂരിലെ വനംവകുപ് സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചിരിക്കുന്ന ആനക്കൊമ്പ് ഉടൻ കോടതിയിൽ ഹാജരാക്കും. കേസ് നിലവിൽ കേന്ദ്ര വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോയ്ക്കാണെങ്കിലും ഉടൻ കേസ് സംസ്ഥാന വനംവകുപ്പിന് കൈമാറും.
