മാന്നാർ: ഗജരാജൻ മാവേലിക്കര ഉണ്ണികൃഷ്ണന് വിട. മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഗജരാജൻ മാവേലിക്കര ഉണ്ണികൃഷ്ണനാണ് നാടിനെ കണ്ണീരിലാഴ്ത്തി വിടപറഞ്ഞത്. ആനയുടെ വേർപാട് അറിഞ്ഞത് മുതൽ നാടിന്റെ നാനാഭാഗത്തു നിന്ന് സ്ത്രീകളും കുട്ടികളും ഉൾപ്പടെ നിരവധി ആളുകളാണ് ക്ഷേത്രത്തിലേക്ക് എത്തിയത്.

ക്ഷേത്രാങ്കണത്തിൽ പൊതുദർശനത്തിന് വച്ച ജഡത്തിൽ ദേവസ്വം ബോർഡ് അംഗം കെ. രാഘവൻ, ദേവസ്വം ഡെപ്യുട്ടി കമ്മീഷണർ ഡി. ബൈജു, എൻഎസ്എസ് മാവേലിക്കര താലൂക്ക് യൂണിയൻ പ്രസിഡൻറ് ടി.കെ. പ്രസാദ് തുടങ്ങി രാഷ്ടീയ സാംസ്കാരിക രംഗത്തെ പ്രമുഖരും  നുറുകണക്കിനാളുകളും ആദരാഞ്ജലികൾ അർപ്പിച്ചു.

ഒരു നാട്ടാന എന്ന നിലയിൽ എല്ലാ ലക്ഷണങ്ങളും ഒത്ത ആനയായിരുന്നു ഉണ്ണികൃഷ്ണൻ. 18 നഖങ്ങൾ, ഉയർന്ന മസ്തകം, കൊമ്പുകൾ എന്നിവയും അതിലുപരി ശാന്ത സ്വഭാവവും ഉള്ള ഉണ്ണികൃഷ്ണനെ നാട്ടുകാർക്ക് പ്രീയങ്കരനായിരുന്നു. ഇന്ന് പുലർച്ചെ 2.06നാണ് ഉണ്ണികൃഷ്ണന്‍ ചരിഞ്ഞത്. ബുധനാഴ്ച വൈകിട്ട് 5.30 ന് കുഴഞ്ഞ് വീണ ഉണ്ണികൃഷ്ണൻ  നാല് മാസമായി ഉദരസംബന്ധമായ രോഗത്തിൽ ചികിത്സയിലായിരുന്നു.

1992  മാർച്ച് 15നാണ് ആണ് ആനയെ ക്ഷേത്രത്തിൽ നടക്കിരുത്തിയത്. തിരുവിതാംകൂർ ദേവസ്വം ബോർഡിലെ തലയെടുപ്പുള്ള ആനകളിൽ മൂന്നാം സ്ഥാനക്കാരനായിരുന്നു ഉണ്ണികൃഷ്ണൻ. തൃശൂര്‍ പൂരം ഉൾപ്പടെയുള്ള പൂരങ്ങളിലും ശബരിമലയിലും നിരവധി തവണ എഴുന്നള്ളിച്ചിട്ടുള്ള ഉണ്ണികൃഷ്ണന് കളഭ കേസരി, ഗജരത്നം തുടങ്ങിയ പട്ടങ്ങൾ ലഭിച്ചിട്ടുണ്ട്.

കേരളാ ഫോറസ്റ്റ് കോടനാട് ഡിവിഷനിൽ നിന്നാണ് ഉണ്ണികൃഷ്ണനെ വാങ്ങിയത്. ഫോറസ്റ്റിന്റെ മേൽ നടപടികൾക്ക് ശേഷം കോന്നിയിൽ സംസ്കാരം നടത്തി.