മുംബൈ: പത്ത് മിനുറ്റ് കൊണ്ട് മകളെ നഷ്ടപ്പെട്ട ഒരച്ഛനാണ് കിഷോര്‍. മകള്‍ തന്നോട് അവസാനമായി പറഞ്ഞ വാക്കുകളോര്‍ത്ത് വിതുമ്പാന്‍ മാത്രമേ ഈ അച്ഛന് കഴിയുന്നുളളു. ശ്രദ്ധ തന്‍റെ പപ്പ കിഷോറിനോട് പറഞ്ഞ അവസാന വാക്കുകളിതാണ് 'തിരക്ക് കുറയട്ടെ, ഞാന്‍ വന്നോളാം, പപ്പ നടന്നോളു'. മുംബൈയില്‍ റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലുമകപ്പെട്ട് മരിച്ചവരില്‍ ഒരാളാണ് 23 കാരിയായ ശ്രദ്ധ.

ലേബര്‍ വെല്‍ഫെയര്‍ ബോര്‍ഡിലെ ജീവനക്കാരാണ് ശ്രദ്ധയും പിതാവ് കിഷോറും. വെള്ളിയാഴ്ച്ച രാവിലെ ജോലി സ്ഥലത്തേക്ക് പോവുകയായിരുന്നു രണ്ടു പേരും. രാവിലെ 10.15 നാണ് ഇവര്‍ സ്റ്റേഷനില്‍ എത്തിയത്. എല്ലാ ദിവസവും ആളുകളെ കൊണ്ട് മേല്‍പ്പാലം നിറയുന്നതിനാല്‍ അപകട ദിവസവും അതില്‍ അസാധാരണമായി ഇവര്‍ക്ക് ഒന്നും തോന്നിയില്ല. അതിനാല്‍ ഇരുവരും റെയില്‍വേ പാലത്തില്‍ കയറുകയായിരുന്നു. എന്നാല്‍ മഴ ആരംഭിച്ചതോടെ ആളുകള്‍ കൂട്ടത്തോടെ പാലത്തിലേക്ക് ഇരച്ചു കയറാന്‍ തുടങ്ങി.

ആളുകളെ തള്ളിമാറ്റി കിഷോര്‍ നടന്നെങ്കിലും ശ്രദ്ധ ആള്‍ക്കൂട്ടത്തില്‍ പെട്ടു. ആള്‍ക്കുട്ടം കുറഞ്ഞ ശേഷം താന്‍ വന്നു കൊള്ളാമെന്ന് ശ്രദ്ധ കിഷോറിനോട് പറഞ്ഞു. പിന്നീട് ശ്രദ്ധയെ മൊബൈലില്‍ വിളിച്ചെങ്കിലും യാതൊരു പ്രതികരണവും ഉണ്ടായില്ല. വെറും പത്ത് മിനുറ്റ് കൊണ്ട് തനിക്ക് തന്‍റെ മകളെ നഷ്ടപ്പെട്ടുവെന്ന് കിഷോര്‍ പറയുന്നു.