കൊച്ചി: സാങ്കേതിക പിഴവിനെത്തുടര്‍ന്ന്  ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് 234 യാത്രക്കാരുമായി കൊച്ചിയിലേക്കു പറന്നുയര്‍ന്ന വിമാനംഅടിയന്തരമായി തിരികെ ഇറക്കി. ലാന്‍ഡിങ് ടയറുകളില്‍ ഘടിപ്പിച്ചിട്ടുള്ള പിന്‍ ടേക്ക് ഓഫിനു മുന്‍പ് നീക്കം ചെയ്യാന്‍ എന്‍ജിനീയര്‍മാര്‍ മറന്നതാണു പ്രശ്‌നത്തിനു വഴിവച്ചത്. 

ടേക്ക് ഓഫിനു ശേഷം, ടയറുകള്‍ നിര്‍ദിഷ്ട സ്ഥാനങ്ങളിലേക്കു തിരികെ വയ്ക്കാന്‍ പൈലറ്റ് ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതോടെ 40 മിനിറ്റിനു ശേഷം വിമാനം തിരിച്ചിറക്കുകയായിരുന്നു. കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയ രണ്ട് എഞ്ചിനീയര്‍മാരെ അന്വേഷണ വിധേയമായി ജോലിയില്‍ നിന്നു മാറ്റി നിര്‍ത്തി. 

എയര്‍ ഇന്ത്യയുടെ ഡല്‍ഹി– കൊച്ചി-ദുബായ് (എഐ 933) വിമാനമാണ് വെളുപ്പിനെ തിരിച്ചിറക്കിയത്. തുടര്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കി നാലു മണിക്കൂര്‍ വൈകി വിമാനം കൊച്ചിയിലേക്കു പുറപ്പെട്ടതായി അധികൃതര്‍ അറിയിച്ചു.