മായിന്‍ ഹാജി, സ്ത്രീകള്‍ ആണുങ്ങള്‍ക്ക് മുന്നില്‍ പൊതുവേദിയില്‍ സംസാരിച്ച ചരിത്രമുണ്ട്. മുജീബ് റഹ്മാന്‍ കിനാലൂര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ച പോസ്റ്റ് വായിക്കാം.

എം ഹലീമാബീവി എന്ന പേര്‍ മലയാളികളില്‍ അധികപക്ഷവും കേട്ടിരിക്കാന്‍ ഇടയില്ല.
പത്ര പ്രവര്‍ത്തന പ്രസാധന രംഗത്തേക്ക് കടന്നുവന്ന മലയാളി വനിതകളുടെ മുന്‍ഗാമികളില്‍ പ്രമുഖയാണ് അവര്‍. 1918ല്‍ ജനിച്ച ഹലീമാബീവി പതിനേഴാമത്തെ വയസ്സില്‍ തന്നെ അറിയപ്പെടുന്ന എഴുത്തുകാരിയും പത്രപ്രവര്‍ത്തകയുമായി. അവരുടെ പത്രാധിപത്യത്തില്‍ ഇറങ്ങിയ 'ഭാരത ചന്ദ്രിക' എന്ന മാസികയില്‍ വൈക്കം മുഹമ്മദ് ബഷീര്‍ സഹപത്രാധിപര്‍ ആയിരുന്നു!

എം കൃഷ്ണന്‍ നായര്‍ മുതല്‍ സുകുമാര്‍ അഴീക്കോട് വരെയുള്ള, സാഹിത്യ ലോകത്തെ അന്നത്തെ ഗജകേസരികളൊക്കെ 'ഭാരത ചന്ദ്രിക'യില്‍ എഴുതിയിരുന്നു. സ്ത്രീകള്‍ക്ക് എഴുത്ത് പഠിക്കുന്നതിനു പോലും വിലക്കുള്ള ഒരു കാലത്താണു ഹലീമാ ബീവി പല പത്രങ്ങളുടെയും പത്രാധിപയും പ്രസാധകയുമാകുന്നത് എന്നോര്‍ക്കണം.

ഹലീമാ ബീവി ഒരു എഴുത്തുകാരി മാത്രമായിരുന്നില്ല, ഉജ്വല പ്രഭാഷകയും സംഘാടകയും ആക്റ്റിവിസ്റ്റുമായിരുന്നു. മുസ്ലിം സമൂഹത്തിലെ അന്ധവിശ്വാസങ്ങളെ എതിര്‍ത്തും സമൂഹത്തില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന വിവേചനങ്ങളെ തുറന്നുകാട്ടിയും അവര്‍ നടത്തിയ പ്രസംഗങ്ങള്‍ ശക്തവും ഉജ്വലവുമായിരുന്നു.

അറുപതുകളില്‍ കോഴിക്കോട് ഫ്രാന്‍സിസ് റോഡില്‍ നടന്ന മുജാഹിദ് സമ്മേളനത്തില്‍ ഹലീമാ ബീവി നടത്തിയ ഒരു പ്രസംഗമുണ്ട്. സ്ത്രീകള്‍ അടുക്കളയിലെ ഇരുട്ടില്‍ കഴിയുകയും കുഞ്ഞുങ്ങളെ പെറ്റുവളര്‍ത്തുകയും ചെയ്യേണ്ട പാവകളല്ല എന്നും മതം അനുവദിച്ചു നല്‍കിയ സ്വാതന്ത്ര്യം സ്ത്രീകള്‍ക്ക് മുന്നില്‍ കൊട്ടിയടച്ച പൗരോഹിത്യത്തിനെതിരെ രംഗത്തു വരണം എന്നുമൊക്കെയായിരുന്നു അതിന്റെ ഉള്ളടക്കം. മുജാഹിദ് പ്രസ്ഥാനത്തിനു വനിതാ വിഭാഗം ഉണ്ടാകുന്നതിനും എത്രയോ മുംബായിരുന്നു ആ പ്രസംഗം. 

പുരുഷന്മാരുള്ള വേദിയില്‍ സ്ത്രീകള്‍ പ്രസംഗിക്കുന്ന ഒരു പാരമ്പര്യം കേരള മുസ്ലിംകള്‍ക്കുണ്ടോ എന്ന് സംശയിക്കുന്നവരുടെ അറിവിലേക്കാണു ഇപ്പോള്‍ ഈ ചരിത്രം ഓര്‍മ്മിപ്പിച്ചത്. ഈ മായിന്‍ ഹാജി ചരിത്രം വല്ലതുമറിയുമോ?!