ആലപ്പുഴ: കായംകുളം കായലില്‍ ടൂറിസത്തിന്റെ മറവില്‍ മണ്ണ് കുഴിച്ചെടുക്കുന്ന സ്വകാര്യ കമ്പനി രണ്ടേക്കറോളം കായല്‍ കയ്യേറി. കായംകുളം പവലിയന്‍ മുതല്‍ ദേശീയ ജലപാത വരെയുള്ള നാലു കിലോമീറ്റര്‍ ഗതാഗതയോഗ്യമാക്കുന്നതിന്റെ അനുമതി ഉപയോഗിച്ചാണ് ഈ കായല്‍ കയ്യേറ്റം. കരയില്‍ നിന്ന് നൂറുമീറ്ററിലേറെ ദൂരം കായലിലേക്ക് വളച്ചുകെട്ടി മണലിട്ട് നികത്തിക്കഴി‍ഞ്ഞു.

കായല്‍ക്കരയോട് ചേര്‍ന്നാണ് കായലില്‍ കരിങ്കല്ലുപയോഗിച്ച് വളച്ച് കെട്ടിയിരിക്കുന്നത്. മാത്രമല്ല,കായലില്‍ നിന്നും കുഴിച്ചെടുക്കുന്ന മണല്‍ ഇത് നിറച്ചുകഴിഞ്ഞു. ഈ ഭാഗമെല്ലാം യഥാര്‍ത്ഥത്തില്‍ കായലാണ്. ഒരു വര്‍ഷത്തിലേറെയായി ഈ കയ്യേറ്റം നടന്നിട്ടും അധികൃതര്‍ ചെറുവിരലനക്കിയില്ല. കായംകുളം പവലിയന്‍ മുതല്‍ ദേശീയ ജലപാത വരെയുള്ള നാലുകിലോമീറ്റര്‍ ഒന്നര മീറ്റര്‍ ആഴത്തില്‍ കുഴിച്ചെടുത്ത് ബോട്ടുകള്‍ക്കും വലിയ വള്ളങ്ങള്‍ക്കും യാത്രാ സൗകര്യം ഒരുക്കാനായിരുന്നു പരിപാടി.

ആറുമാസത്തിനുള്ളില്‍ തീര്‍ക്കണമെന്നായിരുന്നു സൂര്യകിരണ്‍ സോഫ്റ്റ്‌വെയെര്‍ ടെക്നോളജി എന്ന സംഘടനയക്ക് കൊടുത്ത നിര്‍ദ്ദേശം. എന്നാല്‍ ഈ കമ്പനി ഒന്നരവര്‍ഷത്തിലേറെയായി ഇവിടെ മാത്രമാണ് കുഴിക്കുന്നത്. കൂറ്റന്‍ യന്ത്രങ്ങള്‍ ഉപയോഗിച്ചുള്ള ഡ്രഡ്ജിംഗിനും മണല്‍ കൂട്ടിയിടാനും വേണ്ടിയാണ് ഇത് കയ്യേറിക്കെട്ടിയത്.