Asianet News MalayalamAsianet News Malayalam

എൻഡോസൾഫാൻ ഇരകളുടെ പട്ടിണി സമരം; റവന്യൂ മന്ത്രിയുമായുള്ള ച‍ർച്ച ഇന്ന്

സെക്രട്ടേറിയറ്റിന് മുന്നിൽ പട്ടിണി സമരം നടത്തുന്ന എൻഡോസൾഫാൻ ഇരകളെ അനുനയിപ്പിക്കാൻ സര്‍ക്കാർ. സമരസമിതിയുമായുള്ള ചർച്ച ഇന്ന്

endosulfan victims hunger strike government discuss with strikers today
Author
Thiruvanmiyur, First Published Feb 1, 2019, 8:13 AM IST

തിരുവനന്തപുരം: തിരുവനന്തപുരം സെക്രട്ടേറിയേറ്റിന് മുന്നിലെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ കുടുംബത്തിന്‍റെ പട്ടിണിസമരം മൂന്നാം ദിനത്തിലേക്ക്. സമരസമിതിയുമായി ഇന്ന് 11 മണിക്ക് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനും ആരോഗ്യ മന്ത്രി കെ കെ ശൈലജയും ചര്‍ച്ച നടത്തും. സഹായത്തിന് അര്‍ഹരായവരെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചികിത്സ ഉറപ്പാക്കുകയും ചെയ്യുന്നത് വരെ സമരം തുടരാനാണ് സമരസമിതിയുടെ തീരുമാനം.

എൻഡോസൾഫാൻ ബാധിതരായ എട്ടുകുട്ടികളും അവരുടെ രക്ഷിതാക്കളും അടക്കം മുപ്പതംഗ സംഘമാണ് തലസ്ഥാനത്ത് സമരം നടത്തുന്നത്. മുഴുവൻ ദുതിതബാധിതരേയും സർക്കാർ ലിസ്റ്റിൽ ഉൾപ്പെടുത്തുക,സുപ്രീം കോടതി വിധി പ്രകാരമുള്ള ധനസഹായം എല്ലാവർക്കും നൽകുക, കടങ്ങൾ എഴുതി തള്ളുക, പുനരധിവാസ ഗ്രാമം പദ്ധതി യാഥാർത്ഥ്യമാക്കുക തുടങ്ങിയവയാണ് ആവശ്യങ്ങൾ.

ഒരു വർഷംമുൻപ് ഇതുപോലെ കാസർകോഡ് നിന്നെത്തിയ ദുരിതബാധിതർ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്തിരുന്നു. അന്ന് നൽകിയ വാഗ്ദാനങ്ങൾ പൂർണമായി നടപ്പായില്ലെന്നാണ് സമര സമിതി ആരോപിക്കുന്നത്. അധികാരികളുടെ കണ്ണ് തുറക്കും വരെ പട്ടിണി സമരമെന്നാണ് നിലപാട്. 

അതേസമയം സർക്കാർ കണക്കിലുള്ള 6212 ദുരിത ബാധിതർക്കും ധനസഹായമായി ഇതുവരെ 184 കോടി രൂപ ചെലവഴിച്ചെന്ന് വ്യക്തമാക്കി റവന്യൂ വകുപ്പ് വാർത്താക്കുറിപ്പ് ഇറക്കി. സുപ്രീംകോടതി വിധി പ്രകാരം ധനസഹായത്തിന്‍റെ മൂന്ന് ഗഡുക്കളും നൽകി. ഈ സാഹചര്യത്തിൽ സമരത്തിൽ നിന്ന് പിന്മാറണമെന്നാണ് സർക്കാർ ആവശ്യപ്പെടുന്നത്. 

Follow Us:
Download App:
  • android
  • ios