ദില്ലി: അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് അഴിമതിക്കേസില്‍ അറസ്റ്റിലായ ക്രിസ്റ്റ്യന്‍ മിഷേല്‍ ചോദ്യം ചെയ്യലില്‍ സോണിയ ഗാന്ധിയുടെ പേര് പരാമര്‍ശിച്ചെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. മിഷേലിനെ വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറഞ്ഞത്. ദില്ലി സിബിഐ പ്രത്യേക കോടതിയിലാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ വെളിപ്പെടുത്തല്‍. എന്നാല്‍ ഏത് സാഹചര്യത്തിലാണ് പേര് പരാമര്‍ശിച്ചതെന്ന് ഇപ്പോള്‍ വെളിപ്പെടുത്താന്‍ കഴിയില്ല. ഇറ്റാലിയന്‍ വനിതയുടെ മകനെക്കുറിച്ചും പറഞ്ഞെന്നും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വെളിപ്പെടുത്തി. 

അഗസ്റ്റ വെസ്റ്റ്‍ലാന്‍ഡില്‍ നിന്നും 225 കോടി രൂപ അനധികൃതമായി കൈപ്പറ്റി വിവിഐപി ഹെലികോപ്റ്റര്‍ കരാര്‍ ലഭിക്കുന്നതിനായി കൈക്കൂലി ഇടപാടുകള്‍ക്ക് ക്രിസ്റ്റ്യന്‍ മിഷേല്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചെന്നതാണ് മിഷേലിനെതിരൊയ കുറ്റം. പന്ത്രണ്ട് വിവിഐപി ഹെലികോപ്റ്ററുകള്‍ക്കുള്ള 3,727 കോടി രൂപയുടെ കരാറിലാണ് അഗസ്റ്റ വെസ്‍റ്റ്ലാന്‍ഡുമായി ഇന്ത്യ 2010 ല്‍ ഒപ്പിട്ടത്.

മിഷേലിനെ അഭിഭാഷകരെ കാണാൻ അനുവദിക്കരുത്. അഭിഭാഷകർ മിഷേലിനെ പറഞ്ഞ് പഠിപ്പിക്കുന്നു. ഒരു കുടുംബത്തിന്‍റെ പേര് പറയാൻ മിഷേലിൽ സമ്മർദം ചെലുത്തുന്നതായും കോണ്‍ഗ്രസ് പ്രതികരിച്ചു. മിഷേലിനെ 7 ദിവസം കൂടി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കസ്റ്റഡിയിൽ വിട്ടുകൊടുത്തു.