ദില്ലി: അഗസ്റ്റ വെസ്റ്റ്‍ലാന്‍ഡ് ഇടപാടില്‍ എന്‍ഫോഴ്‍സ്മെന്‍റ്  റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന്. ഇടപാടില്‍ സോണിയ ഗാന്ധിയുടെ പങ്ക് സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് എന്ത് ഉത്തരം നല്‍കണമെന്ന് ക്രിസ്റ്റ്യന്‍ മിഷേല്‍ രഹസ്യമായി അഭിഭാഷകരോട് ആരാഞ്ഞതായി എന്‍ഫോഴ്സ്മെന്‍റ്  ഡയറക്ടറേറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. മിഷേലിനെ ഉത്തരങ്ങള്‍ പറഞ്ഞ് പഠിപ്പിക്കാന്‍ വേണ്ടിയാണ് ചോദ്യങ്ങള്‍ കൈമാറിയതെന്നും റിപ്പോര്‍ട്ടിലുണ്ട്. അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നു എന്നതിന് തെളിവെന്നും എന്‍ഫോഴ്സ്മെന്‍റ്  ഡയറക്ടറേറ്റ്.

ഹസ്തദാനം ചെയ്യുമ്പോൾ ക്രിസ്റ്റ്യന്‍ മിഷേല്‍ അഭിഭാഷകന്‍ അല്‍ജോ ജോസഫിന് പേപ്പർ ചുരുട്ടി നൽകുകയായിരുന്നു. അഭിഭാഷകൻ ഇത് കോട്ടിനുള്ളിൽ ഒളിപ്പിച്ചു. എന്നാല്‍ ഇത് എന്‍ഫോഴ്സ്മെന്‍റ്  ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടർ രമൺജിത് കൗർ കയ്യോടെ പിടികൂടുകയും പേപ്പർ തിരികെ വാങ്ങുകയും ആയിരുന്നു.

അഗസ്റ്റ വെസ്റ്റ്‍ലാന്‍ഡ് കേസിലെ ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേല്‍, ചോദ്യം ചെയ്യലിനിടെ സോണിയാ ഗാന്ധിയുടെ പേര് പരാമര്‍ശിച്ചെന്ന് എന്‍ഫോഴ്സമെന്‍റ് ഡയറക്ടറേറ്റ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. രാഹുല്‍ ഗാന്ധിക്കെതിരെയും പരേക്ഷമായി പരാമര്‍ശം നടത്തിയെന്നും വെളിപ്പെടുത്തലുണ്ട്. എന്നാല്‍ ഏത് സാഹചര്യത്തിലാണ് ഈ പരാമര്‍ശങ്ങളെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും അന്വേഷണ ഏജന്‍സി, പട്യാല കോടതിയെ അറിയിച്ചിരുന്നു. 

ആറ് വര്‍ഷമായി അന്വേഷണം നടക്കുന്ന അഗസ്റ്റ വെസ്റ്റ്‍ലാന്‍ഡ് ഇടപാടില്‍ ഇതാദ്യമായണ് ഒരു അന്വേഷണ ഏജന്‍സി, ഔദ്യോഗികമായി സോണിയാ ഗാന്ധിയുടെ പേര് പറയുന്നത്. മിഷേലിന്‍റെ സ്വകാര്യ ഡയറിയില്‍ കോഴ കൈപ്പറ്റിയവരുടെ പേരുകള്‍ കയ്യക്ഷരത്തില്‍ എഴുതിയിട്ടുണ്ട്. ഫാമിലി,എ പി എന്നിങ്ങനെയും പേരുകളുണ്ട്. ഫാമിലി എന്നത് ഇത് സോണിയ ഗാന്ധിയുടെ കുടുംബം ആണെന്നും എ പി എന്നത് രാഷ്ട്രീയകാര്യ സെക്രട്ടറിയായിരുന്ന അഹമ്മദ് പട്ടേലിന്‍റെ പേരാണെന്നുമാണ് ആരോപണം.