10,000 ചതുരശ്ര അടിയില്‍ കൂടുതലുള്ള കെട്ടിട നിര്‍മ്മാണത്തിന് കോര്‍പ്പറേഷന്റെ അനുമതി വാങ്ങാന്‍ എ ഗ്രേഡ് സര്‍ട്ടിഫിക്കറ്റുള്ള എഞ്ചിനിയര്‍, സ്ഥലം പരിശോധിച്ച് പ്ലാന്‍ സാക്ഷ്യപ്പെടുത്തണമെന്നാണ് ചട്ടം.

കോഴിക്കോട് നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് അപകടമുണ്ടായ കെട്ടിടം പരിശോധിച്ചിട്ടില്ലെന്ന് പ്ലാന്‍ സാക്ഷ്യപ്പെടുത്തി നല്‍കിയ എഞ്ചിനിയറുടെ വെളിപ്പെടുത്തല്‍. വ്യാജ സീലും ഒപ്പും ഉപയോഗിച്ചാണ് കെട്ടിടത്തിന് അനുമതി നേടിയതെന്ന് ലൈസന്‍സ്ഡ് എഞ്ചിനിയറായ സുനില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതേ സമയം ആരോപണം തെറ്റാണെന്ന് പ്ലാന്‍ തയ്യാറാക്കിയ എഞ്ചിനിയര്‍ ഗിരീഷും വാദിക്കുന്നു.

10,000 ചതുരശ്ര അടിയില്‍ കൂടുതലുള്ള കെട്ടിട നിര്‍മ്മാണത്തിന് കോര്‍പ്പറേഷന്റെ അനുമതി വാങ്ങാന്‍ എ ഗ്രേഡ് സര്‍ട്ടിഫിക്കറ്റുള്ള എഞ്ചിനിയര്‍, സ്ഥലം പരിശോധിച്ച് പ്ലാന്‍ സാക്ഷ്യപ്പെടുത്തണമെന്നാണ് ചട്ടം. മാത്രമല്ല നിര്‍‍മ്മാണ പ്രവൃത്തികള്‍ പരിശോധിച്ച് നിയമ ലംഘനമ്മില്ലെന്ന് ഉറപ്പ് വരുത്തേണ്ടതും ഇയാളാണ്. ആനിഹാള്‍ റോഡില്‍ ഇടിഞ്ഞ് വീണ കെട്ടിടത്തിന്റെ പ്ലാന്‍ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത് ലൈസന്‍സ്ഡ് എഞ്ചിനിയര്‍ സുനിലിന്റെ ഒപ്പും സീലും ഉപയോഗിച്ചാണ്. കെട്ടിടം അപകടത്തില്‍പെട്ട ശേഷമാണ് രേഖകളില്‍ തന്റെ പേരുള്ളതായി അറിഞ്ഞതെന്നാണ് സുനിലിന്റെ വാദം. 

പ്ലാന്‍ തയ്യാറാക്കിയ എഞ്ചിനിയറായ ഗിരീഷ് രേഖകളില്‍ കൃത്രിമം കാട്ടിയെന്നാണ് സുനിലിന്റെ ആരോപണം. എന്നാല്‍ പ്ലാന്‍ സാക്ഷ്യപ്പെടുത്തിയത് സുനില്‍ തന്നെയാണെന്നും വ്യാജ സീല്‍ ഉപയോഗിച്ചുവെന്ന പരാതി അടിസ്ഥാന രഹിതമാണെന്നും ഗിരീഷ് പറയുന്നു. സുനിലിന്റെ പരാതിയില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് എലത്തൂര്‍ പൊലീസ് അറിയിച്ചു.സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് കളക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്.