ദില്ലി: നിയന്ത്രണം നഷ്ടമായി അപകടത്തിലേക്കു നീങ്ങിയ ഹെലികോപ്റ്ററില്‍നിന്നു നിന്നും പുറത്തേക്ക് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച എന്‍ജിനീയര്‍ ഹെലികോപ്റ്ററിന്റെ പങ്ക തട്ടി മരിച്ചു. പൈലറ്റും സഹപൈലറ്റും ഉള്‍പ്പെടെ ഹെലികോപ്റ്ററിനുള്ളില്‍ ഇരുന്ന ഏഴു പേരും രക്ഷപ്പെട്ടു. ഉത്തരാഖണ്ഡിലെ ബദ്‌രിനാഥില്‍ ഇന്നു രാവിലെ 7.45നാണ് അപകടമുണ്ടായത്. ഹെലികോപ്റ്റര്‍ എന്‍ജിനീയര്‍ അസം സ്വദേശി വിക്രം ലാംബ ആണ് മരിച്ചത്.

ഹരിദ്വാറിലേക്ക് പോവുകയായിരുന്ന ഹെലികോപ്റ്റര്‍, പറന്നുയര്‍ന്ന ഉടന്‍ തന്നെ നിയന്ത്രണം നഷ്ടമായി. കോപ്റ്റര്‍ അപകടത്തില്‍പ്പെട്ടുവെന്ന് കരുതിയ എന്‍ജിനിയര്‍ ചെറിയ ഉയരത്തില്‍ നിന്നും താഴേക്ക് ചാടുകയായിരുന്നു. എന്നാല്‍, ചാട്ടത്തിനിടെ ഹെലികോപ്റ്ററിന്റെ പങ്കയ്ക്കുള്ളില്‍പ്പെട്ട് മരണം സംഭവിക്കുകയായിരുന്നു.

എട്ടു പേര്‍ക്ക് ഇരിക്കാവുന്ന അഗസ്റ്റവെസ്റ്റ്‌ലാന്‍ഡ് എഡബ്ല്യൂ119 കോല ഹെലികോപ്റ്റര്‍ ആണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര റാവത്ത് ദുഃഖം രേഖപ്പെടുത്തി. സംഭവത്തില്‍ മജിസ്‌ട്രേട്ട്തല അന്വേഷണത്തിന് ഡിജിസിഎ ഉത്തരവിട്ടു.