അന്ന് ഇംഗ്ലണ്ടിന് റഫറി ഗോള്‍ അനുവദിച്ചില്ല

മോസ്കോ: മികച്ച താരനിരയുമായി വന്ന് തകര്‍ന്നടിഞ്ഞ് ലോക വേദികളില്‍ പിന്തള്ളപ്പെട്ട് പോകുന്നവര്‍. ഇംഗ്ലണ്ട് ടീം കാലങ്ങളായി കേള്‍ക്കുന്ന പഴിയാണിത്. ഇത്തവണ അതിന് മാറ്റം വരുത്തുമെന്ന പ്രതീക്ഷയോടെയാണ് ഹാരി കെയ്നും സംഘവും റഷ്യയില്‍ എത്തിയിരിക്കുന്നത്. ആദ്യ രണ്ടു മത്സരങ്ങളിലും വിജയിച്ച് തങ്ങള്‍ ഇത്തവണ രണ്ടും കല്‍പ്പിച്ചാണെന്നുള്ള സന്ദേശം ഇംഗ്ലീഷ് പട വെളിപ്പെടുത്തി കഴിഞ്ഞു. ജോണ്‍ ടെറി, ഫ്രാങ്ക് ലംപാര്‍ഡ്, വെയ്ന്‍ റൂണി, സ്റ്റീവന്‍ ജെറാദ് എന്നിങ്ങനെയുള്ള വമ്പന്‍ താരങ്ങളുടെ അകമ്പടിയോണ് 2010ന്‍ ദക്ഷിണാഫ്രിക്കന്‍ ലോകകപ്പില്‍ ഇംഗ്ലണ്ട് പന്ത് തട്ടാന്‍ എത്തിയത്.

പക്ഷേ, ഗ്രൂപ്പ് റൗണ്ടില്‍ തന്നെ ടീമിന്‍റെ ശനിദശ തുടങ്ങി. യുഎസ്എയും സ്ലോവേനിയയും അള്‍ജീരിയയും അണിനിരന്ന ഗ്രൂപ്പില്‍ ഒരു വിജയവും രണ്ടു സമനിലയുമായി രണ്ടാം സ്ഥാനക്കാരായാണ് ഇംഗ്ലണ്ട് കടന്ന് കൂടിയത്. പ്രീക്വാര്‍ട്ടറില്‍ അവരെ കാത്തിരുന്നത് ശക്തരായ ജര്‍മനി. കളി തുടങ്ങി 20-ാം മിനിറ്റില്‍ തന്നെ ടെറിയുടെ നേതൃത്വത്തിലുള്ള ഇംഗ്ലീഷ് പ്രതിരോധത്തിന്‍റെ അമളി മുതലാക്കി ക്ലോസെ ജര്‍മനിയെ മുന്നിലെത്തിച്ചു. 32-ാം മിനിറ്റില്‍ ലൂക്കോസ് പെഡോള്‍സ്കിയും കൂടെ സ്കോര്‍ ചെയ്തതോടെ ജര്‍മനി വിജയം ഉറപ്പിച്ചു.

പക്ഷേ, മാത്യൂ അപ്സന്‍റെ ഹെഡ്ഡര്‍ ഗോളിലൂടെ ഇംഗ്ലണ്ട് ഒരു ഗോള്‍ മടക്കി കളിയിലേക്ക് തിരിച്ചെത്തി. 38-ാം മിനിറ്റിലാണ് ഇംഗ്ലണ്ടിനെ തകര്‍ത്ത നിമിഷം പിറന്നത്. ജര്‍മന്‍ ബോക്സിന്‍റെ തൊട്ട് പുറത്ത് നിന്ന് ലംപാര്‍ഡ് തൊടുത്ത് കനത്ത ഷോട്ട് ഗോള്‍കീപ്പര്‍ മാനുവല്‍ ന്യൂറെ മറികടന്നെങ്കിലും ഗോള്‍ ബാര്‍ വില്ലനായി. ബാറില്‍ തട്ടിയ പന്ത് ചെറിയ ഒരു ചരിവോടെ ഗോള്‍ലെെന്‍ കടന്നാണ് കുത്തിയതെങ്കിലും റഫറി ഗോള്‍ അനുവദിച്ചില്ല.

ഇതിന് പിന്നാലെ 52-ാം മിനിറ്റില്‍ ലംപാര്‍ഡ് തന്നെയെടുത്ത ഫ്രീകിക്കും ബാറില്‍ തട്ടിത്തെറിച്ചു. ഇതോടെ മാനസികമായി രണ്ടു ഗോള്‍ കൂടെ വഴങ്ങി തോല്‍വി സമ്മതിച്ചു. ഇന്നത്തെ പോലെ വിഎആര്‍ സംവിധാനം ഉണ്ടായിരുന്നെങ്കില്‍ ലംപാര്‍ഡിന്‍റെ ഗോള്‍ അന്ന് അംഗീകരിക്കപ്പെടുമായിരുന്നു. നിര്‍ഭാഗ്യം പിന്തടരുന്ന ഇംഗ്ലണ്ടിന് ആ ഗോള്‍ ലഭിച്ചിരുന്നെങ്കില്‍ മത്സരത്തില്‍ തിരിച്ചു വരുവാന്‍ സാധിക്കുമെന്ന് കരുതുന്നവര്‍ ഇന്നും വളരെയധികമാണ്.