നാലു താരങ്ങളുള്ള ബാഴ്സലോണയാണ് സ്പാനിഷ് ലീഗില്‍ ഒന്നാമത് നില്‍ക്കുന്നത്

മോസ്കോ: ലോകത്തിലെ ഏറ്റവും മികച്ച ലീഗുകളില്‍ മുന്‍പന്തിയിലാണ് സ്ഥാനമെങ്കിലും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ക്ലബ്ബുകള്‍ക്ക് യൂറോപ്യന്‍ വേദിയില്‍ കാലിടറുക പതിവാണ്. ചാമ്പ്യന്‍സ് ലീഗിലും യുറോപ്പയിലുമെല്ലാം ഇംഗ്ലീഷ് ക്ലബ്ബുകള്‍ പാതി വഴിയില്‍ വീണു പോകുന്നത് ഈ സീസണില്‍ കണ്ടു.

അവസാനമായി ചാമ്പ്യന്‍സ് ലീഗില്‍ കിരീടമുയര്‍ത്തിയ ഇംഗ്ലീഷ് ടീം ചെല്‍സിയാണ്. അതിന് ശേഷം ഇപ്പോള്‍ ആറു സീസണുകള്‍ പിന്നിട്ടു. യൂറോപ്പ ലീഗിലും 2013ല്‍ ചെല്‍സി വിജയം കണ്ടതില്‍ പിന്നെ ഇംഗ്ലീഷ് ക്ലബ്ബുകള്‍ കിരീടം കണ്ടിട്ടില്ല. റയല്‍ മാഡ്രിഡിന്‍റെയും ബാഴ്സലോണയുടെയും സെവിയ്യയുടെയും മികവില്‍ സ്പാനിഷ് ലീഗാണ് യൂറോപ്യന്‍ വേദിയില്‍ തിളങ്ങി നില്‍ക്കുന്നത്.

എന്നാല്‍, ലോകകപ്പ് സെമി ഫെെനലിന്‍റെ ആവേശത്തിലേക്ക് കടക്കുമ്പോള്‍ സ്പാനിഷ് ടീമുകളെ നാണം കെടുത്തുന്ന കണക്കുകളാണ് ഇംഗ്ലീഷ് സംഘങ്ങള്‍ നേടിയെടുത്തിരിക്കുന്നത്. ലോകകപ്പ് സെമിയില്‍ നാലു ടീമുകള്‍ കളിക്കുന്നതില്‍ ഏറ്റവും കൂടുതല്‍ താരങ്ങളുള്ളത് ഇംഗ്ലീഷ് ക്ലബ് ടോട്ടനത്തില്‍ നിന്നാണ്.

ഇംഗ്ലീഷ് നായകന്‍ ഹാരി കെയ്നും ഫ്രഞ്ച് കപ്പിത്താന്‍ ഹ്യൂഗോ ലോറിസും അടക്കം ടോട്ടനത്തിന്‍റെ ഒമ്പത് താരങ്ങളാണ് ലോകകപ്പില്‍ അവശേഷിക്കുന്നത്. നായകന്‍ ഹാരി കെയ്നെ കൂടാതെ ഡെലെ അലി, ഡാനി റോസ്, എറിക് ഡയര്‍, കീരണ്‍ ട്രിപ്പയര്‍ എന്നിവരാണ് ടോട്ടനത്തിന്‍റെ താരങ്ങളായി ഇംഗ്ലണ്ട് നിരയിലുള്ളത്.

മൌസ ഡെംബലെ, വെര്‍ട്ടോംഗന്, ആല്‍ഡര്‍വെയര്‍ല്‍ഡ് എന്നീ ബെല്‍ജിയം താരങ്ങളും ടോട്ടനത്തിന്‍റെ പടക്കുതിരകളാണ്. എന്നാല്‍, ക്രൊയേഷ്യ ടീമില്‍ മാത്രം ഇംഗ്ലീഷ് ക്ലബ്ബിന്‍റെ സാന്നിധ്യങ്ങള്‍ ഒന്നുമില്ല. ടോട്ടനത്തെ കൂടാതെ മാഞ്ചസ്റ്റര്‍ യുണെെറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി, ചെല്‍സി എന്നീ ഇംഗ്ലീഷ് ക്ലബ്ബുകള്‍ക്കും ഏഴു താരങ്ങളുണ്ട്. കൂടാതെ, ലിവര്‍പൂളില്‍ നിന്ന് നാലു താരങ്ങളുമുണ്ട്. സ്പാനിഷ് ക്ലബ് ബാഴ്സലോണയ്ക്കും, ഫ്രഞ്ച് ക്ലബ്ബുകളായ പിഎസ്ജി, മോണോക്കോ എന്നിവര്‍ക്കും നാലു താരങ്ങള്‍ വീതമുണ്ട്.