സെൻകുമാറിനെ പോലൊരാൾ കേരളത്തിന്റെ ഡിജിപിയായിരുന്നുവെന്നതിൽ ദുഖിക്കുന്നുവെന്നും ഇപി ജയരാജൻ

കണ്ണൂർ: മോഹിച്ച പുരസ്കാരം കിട്ടത്തതിന്‍റെ പ്രശ്നമാണ് സെന്‍കുമാറിനെന്ന് മന്ത്രി ഇപി ജയരാജന്‍. നമ്പി നാരായണന് എതിരായ സെൻകുമാറിന്റെ പരാമർശം അദ്ദേഹത്തിന്റെ അസഹിഷ്ണുതയിൽ നിന്നും വരുന്നതാണ്. സെൻകുമാറിന്റെ വാക്കുകൾ അപലപനീയമാണ്. സെൻകുമാറിനെ പോലൊരാൾ കേരളത്തിന്റെ ഡിജിപിയായിരുന്നുവെന്നതിൽ ദുഖിക്കുന്നുവെന്നും ഇപി ജയരാജൻ പറഞ്ഞു. ഐഎസ്ആര്‍ഒ മുന്‍ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് പത്മഭൂഷൺ നൽകിയതിനെ സെൻകുമാർ വിമർശിച്ചതിനോട് പ്രതികരിക്കുമ്പോൾ ആണ് മന്ത്രി സെൻകുമാറിനെ വിമർശിച്ചത്. 

സെൻകുമാറിന്റെ പരാമർശങ്ങൾക്കെതിരെ നേരത്തെ ​ മന്ത്രി എകെ ബാലനും ഗണേഷ് കുമാർ എംഎൽഎയും വിമർശനവുമായി രം​ഗത്തു വന്നിരുന്നു. നമ്പി നാരായണന് പത്മ അവാര്‍ഡ് കൊടുത്തതില്‍ വിമര്‍ശനം ഉയര്‍ത്തിയ സെൻകുമാറിന്റെ പരാമർശത്തിൽ മറുപടി പറയേണ്ടത് പിഎസ് ശ്രീധരൻപിള്ളയാണെന്നായിരുന്നു മന്ത്രി എ കെ ബാലന്റെ വിമർശനം. സെന്‍കുമാറിന്റെ പരാമര്‍ശം ഒരു വിഭാഗം നേതാക്കളുടെ അനുമതിയോടെയെന്ന് സംശയമുണ്ടെന്ന് എ കെ ബാലന്‍ പറഞ്ഞു. മറിയം റഷീദയോടും,ഗോവിന്ദ ചാമിയോടും ഉപമിക്കേണ്ട ആളല്ല നമ്പി നാരായണനെന്നും എകെ ബാലന്‍ കൂട്ടിച്ചേർത്തു.

സെന്‍കുമാര്‍ ചെയ്തത് പത്മഭൂഷൺ ലഭിച്ചയാളെ മ്ലേച്ഛമായ ഭാഷയിൽ അപമാനിക്കലാണ്. ഇന്ത്യാ ചരിത്രത്തില്‍ തന്നെ ആദ്യത്തെ സംഭവമാണിത്. പ്രബുദ്ധ കേരളം ഇതിനെതിരെ പ്രതികരിക്കണമെന്നും എ കെ ബാലന്‍ ആവശ്യപ്പെട്ടു. സംസ്ഥാന നേതൃത്വത്തിന് കഴിയില്ലെങ്കിൽ, ബിജെപി കേന്ദ്ര നേതൃത്വം പ്രതികരിക്കണം . ബിജെപിയിൽ പോയതിനു ശേഷമാണ് സെൻകുമാർ ഇങ്ങനെയായതെന്നും എ കെ ബാലന്‍ അഭിപ്രായപ്പെട്ടു. 

ഒരു സാധുമനുഷ്യനെ വേട്ടയാടിയത് ആരാണെന്ന് ഇപ്പോൾ മനസിലായെന്നായിരുന്നു സെൻകുമാറിനെതിരായ ​ഗണേഷ് കുമാറിന്റെ വാക്കുകൾ. ആരെക്കുറിച്ചും എന്തും പറയാം എന്ന ​ഹുങ്കാണ് സെൻകുമാറിനെന്നും സെൻകുമാറിന്റ മനസിലെ പക ഇനിയും തീർന്നിട്ടില്ലെന്നും ​ഗണേഷ് കുമാർ വിമർശിച്ചു. സർക്കാർ പദവികളിലിരുന്ന് സെൻകുമാർ സുഖിച്ചപ്പോൾ ജീവിതത്തിൽ ഉള്ളതെല്ലാം നഷ്ടമായ അവസ്ഥയിലായിരുന്നു നമ്പി നാരായണനെന്നും ​ഗണേഷ് പറഞ്ഞു.