അറിയാത്ത കാര്യങ്ങള്‍ അറിയില്ലെന്ന് ഒരിക്കലും സമ്മതിക്കരുതെന്നും ആവശ്യമെങ്കില്‍ നുണ പറയണമെന്നും പാര്‍ട്ടി പ്രവര്‍ത്തകരോട് ബി.ജെ.പി നേതാവിന്റെ ഉപദേശം. പ്രധാനമന്ത്രി നരേന്ദ്രമോദിയെ എപ്പോഴും വെറുതെ പൊക്കിപ്പറയണമെന്നും കര്‍ണ്ണാടകയിലെ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ പ്രതിപക്ഷ നേതാവ് കൂടിയായ കെ.എസ് ഈശ്വരപ്പയാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗത്തില്‍ പ്രസംഗിച്ചത്. ജെ.ഡി.എസ് പോലുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ വ്യാപകമായി പ്രചരിക്കുന്നതിനൊപ്പം നിരവധി ട്രോളുകളും രൂപം കൊണ്ടിട്ടുണ്ട്.

ഒരുകാര്യവും അറിയില്ലെന്നു സമ്മതിക്കരുത്. അറിയാത്ത കാര്യത്തെക്കുറിച്ച് ആവശ്യമെങ്കിൽ കള്ളം പറയണം. വാജ്‌പേയിയുടെ കാലത്ത് പാക്കിസ്ഥാനികൾ ഇന്ത്യൻ പട്ടാളക്കാരെ കൊലപ്പെടുത്തിയിട്ടുണ്ടെന്ന കാര്യം നിങ്ങൾക്കറിയാമോ? എന്നാലും വാജ്പേയിയുടെ ഭരണകാലത്ത് പാക്കിസ്ഥാനികൾ ഇന്ത്യൻ സൈനികരെ തൊടാൻ ധൈര്യം കാണിച്ചിട്ടില്ലെന്ന് നിങ്ങള്‍ നുണപറയണം. അതേസമയം, മൻമോഹൻ സിങ് ഭരിച്ച സമയത്ത്പാക്കിസ്ഥാൻ പട്ടാളക്കാർ ഇന്ത്യൻ പട്ടാളക്കാരെ ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. നരേന്ദ്ര മോദിയുടെ കാര്യത്തിലേക്ക് വരുമ്പോള്‍ നിങ്ങൾ പറയയേണ്ടത്, പാക്കിസ്ഥാനികളെ അദ്ദേഹം വെറുതെ വിട്ടിട്ടില്ലെന്നാണ്. പത്തുപേരാണു കൊല്ലപ്പെട്ടത്. നരേന്ദ്ര മോദി കരുത്തനായ മനുഷ്യനാണ്. അതിനാൽ അങ്ങനെ പറയുന്നതിൽ എന്ത് തെറ്റാണുള്ളത്? നിങ്ങൾക്കു കൂടുതലൊന്നും അറിയണമെന്നില്ല, എന്നാലും നരേന്ദ്ര മോദിയുടെ പേര് ഉപയോഗിച്ചുകൊണ്ടേയിരിക്കണം. മോദി ശക്തനാണെന്നു ലോകം മുഴുവൻ അംഗീകരിച്ച കാര്യമാണ്. അതിനാൽ അൽപം പൊക്കിപ്പറയുന്നതിൽ എന്താണ് കുഴപ്പമെന്നും മുന്‍ ഉപമുഖ്യമന്ത്രി കൂടിയായ ഈശ്വരപ്പ ചോദിക്കുന്നു. 

വീഡിയോ പുറത്തുവന്നതോടെ പാർട്ടിയോഗത്തിൽ നിന്നുള്ള വിഡിയോയാണെന്ന് പറഞ്ഞെങ്കിലും ഈശ്വരപ്പ വിവാദത്തെക്കുറിച്ചു മറ്റൊന്നും പ്രതികരിക്കാൻ തയാറായില്ല.

വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക