മോദിയെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തല്‍

മുംബൈ: ദളിത് ആക്ടിവിസ്റ്റ് ഉള്‍പ്പെടെ അഞ്ച് പേരെ മാവോ ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത് ഒരു ദിവസം പിന്നിടുമ്പോള്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പൂനെ പൊലീസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാജീവ് ഗാന്ധി വധത്തിന് സമാനമായ രീതിയില്‍ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നതായാണ് വെളിപ്പെടുത്തല്‍. മോദിയുടെ റോഡ് ഷോയ്ക്കിടയില്‍ അദ്ദേഹത്തെ വധിക്കാനാണ് പദ്ധതിയിട്ടിരുന്നതെന്ന് മോദിയുടെ പേരെടുത്ത് പറയാതെയാണ് ജില്ലാ ഗവണ്‍മെന്‍റ് പ്ലീഡര്‍ ഉജ്ജ്വല പവാര്‍ കോടതിയില്‍ വ്യക്തമാക്കിയത്. 

പിടിയിലായ അഞ്ച് പേര്‍ക്കെതിരെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇവരെ കോടതിയില്‍ ഹാജരാക്കിയ പൊലീസ് ഗൂഢാലോചനയെ കുറിച്ച് വെളിപ്പെടുത്തുകയും നിര്‍ണ്ണായക തെളിവായ കത്ത് കോടതിയ്ക്ക് കൈമാറുകയും ചെയ്തു. ഈ കത്ത് സിപിഐ(മാവോയിസ്റ്റ്) സെന്‍ട്രല്‍ കമ്മിറ്റി അംഗത്തിന്‍റേതാണെന്നാണ് പൊലീസ് കണ്ടെത്തല്‍.

എല്‍ഗര്‍ പരിഷത് സംഘാടകന്‍ സുധീര്‍ ധവാലെ, റോണ വില്‍സണ്‍, സുരേന്ദ്ര ഗാഡ്ലിംഗ്, ഷോമ സെന്‍, മഹേഷ് റൗട്ട് എന്നിവരെയാണ് പൊലീസ് ചെയ്തിരിക്കുന്നത്. ഭീമ കൊറിഗോണ്‍ കലാപവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഇവരെ ജൂണ്‍ 14 വരെ പൊലീസ് കസ്റ്റഡിയില്‍ർ വിട്ടു. അറസ്റ്റിനെ തുടര്‍ന്ന് റോണ വില്‍സണിന്‍റെ വീട്ടില്‍ നടത്തിയ തെരച്ചിലിലാണ് കത്ത് പിടിച്ചെടുത്തത്. പൂനെയിലെ ശനിവര്‍വാഡയില്‍ ദളിത് ആക്ടിവിസ്റ്റുകളുടെ നേതൃത്വത്തില്‍ നടന്ന എല്‍ഗര്‍ പരിഷത്ത് എന്ന് പരിപാടിയ്ക്ക് സഹായം നല്‍കിയത് മാവോയിസ്റ്റുകളാണെന്നാണ് കത്തില്‍നിന്ന് വ്യക്തമായതെന്ന് പവാര്‍ പറഞ്ഞു.