ജലന്ധര്‍ കത്തോലിക്ക ബിഷപ്പിനെതിരായ ബലാത്സംഗപരാതി സഭയുടെ വാദങ്ങൾ ഒന്നൊന്നായി പൊളിയുന്നു കന്യാസ്ത്രീ സഭക്ക് നൽകിയ കത്ത് ഏഷ്യാനെറ്റ് ന്യൂസിന്
കോട്ടയം: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ കന്യാസ്ത്രീ നൽകിയ പരാതിയിൽ കന്യാസ്ത്രീക്കെതിരായ സഭയുടെ വാദങ്ങൾ ഒന്നൊന്നായി പൊളിയുന്നു. കന്യാസ്ത്രീ ആഭ്യന്തര അന്വേഷണവുമായി സഹകരിച്ചില്ലെന്ന സഭയുടെ വാദം തെറ്റാണെന്ന് തെളിയിക്കുന്ന രേഖകള് പുറത്ത്. അന്വേഷണവുമായി സഹകരിക്കാമെന്ന് കന്യാസ്ത്രീ രേഖാമൂലം സഭയെ അറിയിച്ചിരുന്നു എന്ന രേഖകളാണ് പുറത്തുവരുന്നത്.
കന്യാസ്ത്രീ സഭക്ക് നല്കിയ കത്തിന്റെ പകര്പ്പ് ഏഷ്യനെറ്റ് ന്യൂസിന് ലഭിച്ചു. കഴിഞ്ഞ ഡിസംബറിലാണ് കന്യാസ്ത്രീ മദര് സുപ്പീരിയറിന് കത്തയച്ചത്. തന്റെ പരാതിയിലും ബിഷപ്പ് ഉന്നയിച്ച വാദങ്ങളിലും മറുപടി നൽകാൻ തയ്യാറെന്ന് ബലാത്സംഗത്തിനിരയായ കന്യാസ്ത്രീ കത്തിലൂടെ സഭയെ അറിയിച്ചിരുന്നു. തനിക്കെതിരായ ആരോപണങ്ങള് പച്ച കള്ളമാണെന്നും നീതി കിട്ടുമെന്നാണ് പ്രതീക്ഷ എന്നും കന്യാസ്ത്രീ കത്തില് കുറിക്കുന്നു. തന്നെ മഠത്തിൽ നിന്ന് പുറത്താക്കാൻ ആസൂത്രിത നീക്കം നടക്കുന്നതായി സംശയമുണ്ടെന്നും കന്യാസ്ത്രീ കത്തില് പറയുന്നുണ്ട്.
അതേസമയം, കന്യാസ്ത്രീയുടെ പരാതിയിൽ ജലന്ധർ കത്തോലിക്കാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാൻ അന്വേഷണസംഘം നീക്കം തുടങ്ങി. ബിഷപ്പ് രാജ്യം വിട്ട് പോകാതിരിക്കാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം വ്യോമയാന മന്ത്രാലയത്തിന് കത്തെഴുതി. ബിഷപ്പ് വത്തിക്കാനിലേക്ക് കടന്നേക്കുമെന്നാണ് അന്വേഷണസംഘത്തിന് കിട്ടിയ വിവരം.
