അഹമ്മദാബാദ് : ആറാം തവണയും ഗുജറാത്തില്‍ ബിജെപി വിജയിച്ചെന്ന് ഉറപ്പിക്കുമ്പോള്‍ വോട്ടിംഗ് മെഷീനുകള്‍ ഹാക്ക് ചെയ്‌തെന്ന ആരോപണവുമായി പട്ടീല്‍ അനാമത് ആന്തോളന്‍ സഭ നേതാവ് ഹര്‍ദ്ദിക് പട്ടേല്‍ രംഗത്ത്. സൂറത്ത്, രാജ്‌കോട്ട്, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ വോട്ടിംഗ് മെഷീനുകളില്‍ കൃത്രിമം നടന്നുവെന്നാണ് ഹര്‍ദ്ദിക് തെരഞ്ഞെടുപ്പ് ഫലത്തോട് പ്രതികരിച്ചത്.
തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നതിന് മുമ്പ് തന്നെ വോട്ടിംഗ് മെഷീനില്‍ കൃത്രിമം നടന്നതായി ഹാര്‍ദ്ദിക് ആരോപിച്ചിരുന്നു. രണ്ട് ഘട്ടങ്ങളായി നടന്ന തെരഞ്ഞെടുപ്പില്‍ എഞ്ചിനിയര്‍മാരെ ഉപയോഗിച്ച് ബിജെപി മെഷീനുകള്‍ ഹാക്ക് ചെയ്തു. ഇതിനായി 140 ഓളം എഞ്ചിനിയര്‍മാരെ ഉപയോഗിച്ച് 4000ഓളം വോട്ടിംഗ് മെഷീനുകള്‍ ചോര്‍ത്തി. പട്ടേല്‍ ഭൂരിപക്ഷ പ്രദേശമായ വൈസ്‌നഗര്‍, രത്‌നാപുര്‍, വാവ് എന്നിവിടങ്ങളിലെല്ലാം ഇവിഎം മെഷീനുകള്‍ ഹാക്ക് ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ടെന്നും ഹര്‍ദ്ദിക് പട്ടേല്‍ പറഞ്ഞിരുന്നു.
വിഷയത്തില്‍ ജില്ലാ കളക്ടര്‍ മറുപടിപറയണമെന്നും ഹര്‍ദ്ദിക് പറഞ്ഞു. എന്നാല്‍ ഹര്‍ദ്ദികിന്റെ ആരോപണം അഹമ്മദാബാദ് ജില്ലാകളക്ടര്‍ നിഷേധിച്ചു. ആരോപണത്തില്‍ അടിസ്ഥാനമില്ലെന്നും കളക്ടര്‍ അവന്തിക സിംഗ് വ്യക്തമാക്കിയിരുന്നു.
