കാസര്‍ഗോട്ടെ വീട്ടിലാണ് വിജിലന്‍സ് കോഴിക്കോട് യൂണിറ്റ് പരിശോധന നടത്തിയത്.

കാസര്‍കോട്: വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദന കേസില്‍ കേന്ദ്ര വഖഫ് ബോര്‍ഡ് കൗണ്‍സില്‍ സെക്രട്ടറി ബി.എം ജമാലിന്റെ വീട്ടില്‍ വിജിലന്‍സ് റൈഡ്. കാസര്‍ഗോട്ടെ വീട്ടിലാണ് വിജിലന്‍സ് കോഴിക്കോട് യൂണിറ്റ് പരിശോധന നടത്തിയത്.

വഖഫ് സംരക്ഷണ സമിതി 2010 ല്‍ വിജിലന്‍സിന് നല്‍കിയ പരാതിയിയെ തുടര്‍ന്നാണ് റൈഡ്. ഈ പരാതിയില്‍ വിജിലന്‍സ് നടപടികള്‍ നിലച്ചതിനെ തുടര്‍ന്ന് പരാതിക്കാര്‍ വീണ്ടും കോടതിയെ സമീപിച്ചിരുന്നു. നടപടികള്‍ തുടരാമെന്നായിരുന്നു മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ ഉത്തരവ്. ജമാലിന്റെ കോട്ടിക്കുളം തിരുവക്കോളിയിലെ വീട്ടിലും തൊട്ടടുത്ത ബന്ധു വീട്ടിലുമാണ് വിജിലന്‍സ് സംഘം പരിശോധന നടത്തിയത്. ജമാലിന് കര്‍ണാടകയിലും എറണാകുളത്തുമായി വസ്ഥുവകകളും വിദേശത്ത് ബിസിനസ് പങ്കാളിത്തവുമുണ്ടെന്നാണ് പരാതി.

നേരത്തെ ജസ്റ്റിസ് നിസാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലും ജമാലിനെതിരെ പരാമര്‍ശം ഉണ്ടായിരുന്നു. ഒമ്പത് മണിക്കൂര്‍ നീണ്ട പരിശോധന വൈകുന്നേരം മൂന്നരയോടെയാണ് അവസാനിച്ചത്. വിജിലന്‍സ് അന്വേഷണത്തില്‍ 2007 മുതല്‍ 2017 വരെയുള്ള ബി.എം.ജമാലിന്റെ വരുമാനമാണ് പ്രധാനമായും അന്വേഷണവിധേയമായത്. ഇതില്‍ ഈ കാലയളവില്‍ 51,00,139 രൂപയാണ് ഇയാളുടെ വരുമാനം എന്നാല്‍ 72,10,640 രൂപ ചെവലാക്കിയതായുള്ള കണക്കുകള്‍ വിജിലന്‍സിന് ലഭിച്ചു. 

തനിക്കെതിരായ പരാതിയില്‍ വസ്ഥുത ഇല്ലെന്നും ഇത് അന്വേഷണത്തില്‍ ബോധ്യമാകുമെന്നാണ് ജമാലിന്റെ പ്രതികരണം. കേരളാ വഖഫ് ബോര്‍ഡ് സി.ഇ.ഒ യായിരുന്ന ജമാല്‍ കഴിഞ്ഞ വര്‍ഷമാണ് കേന്ദ്ര വഖഫ് ബോര്‍ഡ് കൗണ്‍സില്‍ സെക്രട്ടറിയായി നിയമിതനായത്.