പാലക്കാട്: ജില്ലയിലെ എക്സൈസ് ചെക്ക്പോസ്റ്റുകളില്‍ എക്സൈസ് കമ്മീഷണറുടെ മിന്നല്‍ പരിശോധന. അട്ടപ്പാടിയിലും വാളയാറിലും വേലന്താവളത്തും പരിശോധന നടത്തി. ആലത്തൂരിലെ എക്സൈസ് ചെക്ക്പോസ്റ്റില്‍ കൈക്കൂലി വാങ്ങിയെന്ന് വിജിലന്‍സ് കണ്ടെത്തിയ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു.
ആദിവാസി മേഖലയില്‍ അമിതലഹരി ഉപയോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെത്തുടര്‍ന്നുള്ള വിലയിരുത്തലിനാണ് എക്സൈസ് കമ്മീഷണര്‍ അട്ടപ്പാടിയിലെത്തിയത്. ആനക്കട്ടിയിലെ തമിഴ്നാട് സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മദ്യശാല മാറ്റിസ്ഥാപിക്കുന്നതിന് ചര്‍ച്ച നടത്തുമെന്ന് എക്സൈസ് കമ്മീഷണര്‍ പറഞ്ഞു.
ഊരുകളില്‍ വ്യാജമദ്യം ഉണ്ടാക്കുകയും വിതരണം നടത്തുകയും ചെയ്യുന്നുണ്ടോ എന്ന് കര്‍ശന നിരീക്ഷണം ഉണ്ടാകുമെന്ന് വടകോട്ടത്തറ വട്ടലക്കി ദാസ്സന്നൂര്‍ എന്നീ ഊരുകള്‍ സന്ദര്‍ശിച്ച ശേഷം ഋഷിരാജ് സിങ് അറിയിച്ചു. ആലത്തൂരില്‍ എക്സൈസ് ചെക്ക്പോസ്റ്റില്‍ കൈക്കൂലി വാങ്ങിയതായി വിജിലന്‍സ് കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍ നല്‍കും.
വാളയാറില്‍ എക്സൈസിന് ടോള്‍ പ്ലാസ മോഡല്‍ ചെക്ക്പോസ്റ്റ് അനുവദിക്കുന്ന കാര്യം പരിഗണിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. വേലന്താവളം ചെക്ക്പോസ്റ്റിലും കമ്മീഷണര്‍ പരിശോധന നടത്തി.
