സ്കൂള്‍ കുട്ടികളെ കൊണ്ടുപോകാനായി രാവിലെ വീട്ടില്‍ നിന്ന് പോകുന്ന വഴിയാണ് കോഴിക്കോട് മൂഴിക്കല്‍ സ്വദേശി സജീഷിനെ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ വാഹനം ഇടിച്ചത്. മൂഴിക്കലിലെ ഇടറോഡില്‍ നിന്ന് പ്രധാന റോഡിലേക്ക് കയറുമ്പോഴാണ് കോഴിക്കോട് നിന്ന് വയനാട്ടിലേക്ക് ചീറിപ്പാഞ്ഞുപോയ വാഹനം ഓട്ടോറിക്ഷയില്‍ ഇടിച്ചത്. തലകീഴായി മറിഞ്ഞ ഓട്ടോറിക്ഷയുടെ അടിയില്‍ പെട്ട തന്നെ എക്‌സൈസ് സംഘം തിരിഞ്ഞു നോക്കിയില്ലെന്ന് സജീഷ് പറയുന്നു. ഒടുവില്‍ സമീപത്തെ മരണവീട്ടില്‍ എത്തിയ ആളുകളാണ് സജീഷിനെ ആശുപത്രിയിലെത്തിച്ചത്.

അപകടം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് സജീഷിന്റെ മൊഴിയെടുക്കാന്‍ പോലീസ് എത്തിയത്. സംഭവം വിവാദമായതോടെ എക്‌സൈസ് ഡെപ്യൂട്ടികമ്മീഷണറുടെ വാഹനം ചേവായൂരിലെ ട്രാഫിക് പോലീസ് സ്റ്റേഷനിലെത്തിച്ചു. വാഹനം വയനാട് ഡെപ്യൂട്ടി കമ്മീഷണറുടേതാണെന്നും സംഭവം നടന്ന സമയത്ത് അദ്ദേഹം വാഹനത്തിലുണ്ടായിരുന്നുവെന്നും എക്‌സൈസ് വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. ഓട്ടോറിക്ഷ ഡ്രെവറുടെ പാരതിയില്‍ കേസെടുക്കുമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു.