സൗദി അറേബ്യ: കഴിഞ്ഞ വര്‍ഷം സൗദിയിൽനിന്നും എക്സിറ്റ് വിസയില്‍ നാടു വിട്ടത് പതിനൊന്നു ലക്ഷത്തി എൺപത്തി ആറായിരം വിദേശികളെന്നു സൗദി ജവാസാത് ഡയറക്ടറേറ്റ്. ഈ വർഷം കൂടുതൽ വിദേശികൾ എക്സിറ്റിൽ പോകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. പുതുതായി ഏര്‍പ്പെടുത്തിയ ലെവി, സ്വദേശി വത്കരണം തുടങ്ങിയ കാരണത്താല്‍ നിരവധി പേരാണ് സൗദിയിൽ നിന്ന് എക്‌സിറ്റ് വിസയിൽ രാജ്യം വിടുന്നത്. 

അതിനാൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു ഈ വർഷം എക്‌സിറ്റില്‍ പോകുന്ന വിദേശികളുടെ എണ്ണം വർദ്ധിക്കും. ജീവിത ചിലവിലുണ്ടായ വർദ്ധന കാരണം നിരവധി പേരുടെ കുടുംബങ്ങളും ഈ അധ്യയന വര്‍ഷം അവസാനിക്കുന്നതോടെ നാട്ടിലേക്കു മടങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. അതേസമയം കഴിഞ്ഞ വര്‍ഷം നാലു ലക്ഷം വിദേശികൾ പുതിയ തൊഴിൽ വിസയിൽ സൗദിയില്‍ എത്തിയതായി ജവാസാത് ഡയറക്ടറേറ്റ് അറിയിച്ചു.

മുപ്പത് ലക്ഷം പേർക്ക് എക്‌സിറ്റ് റീ എൻട്രി വിസകളും കഴിഞ്ഞ വര്‍ഷം നല്‍കി. 40 ലക്ഷം പേരുടെ ഇഖാമ പുതുക്കി നല്‍കി. 175000 പേരുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റിയതായും അറുപത്തിയേഴായിരം വിദേശികൾ തങ്ങളുടെ പ്രഫഷന്‍ മാറ്റിയതായും ജവാസാത് അധികൃതർ വ്യക്തമാക്കി.