പൊലീസില്‍ രാഷ്ട്രീയ അതിപ്രസരം ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് വിശദീകരണവുമായി പൊലീസ് അസോസിയേഷന്‍

തിരുവനന്തപുരം:പൊലീസില്‍ രാഷ്ട്രീയ അതിപ്രസരമെന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിനെക്കുറിച്ച് അറിയില്ലെന്ന് പൊലീസ് അസോസിയേഷന്‍. സംഘടനയ്ക്ക് രാഷ്ട്രീയ ചായ്‍വുകള്‍ ഇല്ലെന്നും അസോസിയേഷന്‍. രാഷ്‌ട്രീയേതര സംഘടനയായാണ് പൊലീസ് അസോസിയേഷനുകള്‍ക്ക് അംഗീകാരം നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ രാഷ്‌ട്രീയത്തിന്റെ അതിപ്രസരമാണ് ഇവയിലെന്ന് ഇന്റലിജന്‍സ് കുറ്റപ്പെടുത്തുന്നു.

പൊലീസ് അസോസിയേഷന്‍ സമ്മേളങ്ങളിലെ രക്തസാക്ഷി അനുസ്മരണവും മുദ്രാവാക്യം വിളിയും ചട്ടലംഘനമാണെന്നും മുന്‍ മുഖ്യമന്ത്രിമാരെ സമ്മേളനങ്ങളില്‍ പേരെടുത്ത് പറഞ്ഞ് അധിഷേപിക്കുന്നുവെന്നും ഡി.ജി.പിക്ക് സമര്‍പ്പിച്ച ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിലുണ്ട്. നിയമാവലി മറികടന്ന് സംഘടനയുടെ ലോഗോയിലും മാറ്റം വരുത്തി. ഇക്കാര്യങ്ങളില്‍ അടിയന്തര ശ്രദ്ധ ആവശ്യപ്പെട്ടാണ് പൊലീസ് മേധാവിക്ക് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയത്. റിപ്പോര്‍ട്ടിനെ ഗൗരവമായി കാണുന്നുണ്ടെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചിരുന്നു.