മെഡിക്കൽ കോഴയെ ചൊല്ലി സംസ്ഥാന ബി.ജെ.പിയിൽ പൊട്ടിത്തെറി. നിയമനടപടി ഒഴിവാക്കാൻ പാർട്ടി കമ്മീഷൻ റിപ്പോർട്ട് തിരുത്തേണ്ടി വരുമെന്ന സൂചന നൽകിയ കുമ്മനത്തിനെതിരെ ഭീഷണിയുമായി വി. മുരളീധരന്‍ അനുകൂലികള്‍ രംഗത്തെത്തി. തിരുത്തിയാൽ പരസ്യ നിലപാടെടുക്കുമെന്ന് കുമ്മനത്തെ കണ്ട് വി.മുരളീധരനും കെ .സുരേന്ദ്രനും മുന്നറിയിപ്പ് നൽകി. അച്ചടക്ക നടപടി വി.വി രാജേഷിൽ മാത്രം ഒതുക്കരുതെന്ന് കൃഷ്ണദാസ് പക്ഷം കുമ്മനത്തോടാവശ്യപ്പെട്ടു.
ചേരിതിരിഞ്ഞുള്ള വാക്പോരാണ് തൃശൂരിൽ നടന്ന നേതൃയോഗത്തിൽ ഉണ്ടായത്. യോഗശേഷം കുമ്മനത്തെ കണ്ട് നേതാക്കൾ ഭീഷണിയും മുന്നറിയിപ്പും നൽകിയതോടെ പാർട്ടി പൊട്ടിത്തെറിയുടെ വക്കിലാണ്. മുഖം രക്ഷിക്കാനും നിയമ നടപടി ഒഴിവാക്കാനും പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൽ തിരുത്തലുകൾ വേണ്ടിവരുമെന്ന സൂചനയാണ് കുമ്മനം യോഗത്തെ അറിയിച്ചത്. എം.ടി രമേശിന്റെയും കുമ്മനത്തിന്റെയും അനുയായി രാകേഷ് ശിവരാമന്റെയും പേര് ഒഴിവാക്കാനും കോഴപ്പണം കൺസൽട്ടൻസിയായി തിരുത്താനുമാണ് നേതൃത്വത്തിന്റെ ശ്രമം. തിരുത്തലിന് സഹായിച്ചാൽ ചോർച്ചയുടെ പേരിലുള്ള അച്ചടക്ക നടപടി ഒഴിവാക്കാമെന്ന വാദ്ഗാനം കമ്മീഷൻ അംഗം എ.കെ നസീറിന് മുന്നിൽ കുമ്മനം അനുയായികൾ വച്ചെന്നാണ് വിവരം.
റിപ്പോര്‍ട്ട് തിരുത്തിയാൽ അഴിമതിയിൽ പരസ്യനിലപാട് എടുക്കേണ്ടി വരുമെന്നാണ് യോഗശേഷം കുമ്മനത്തെ നേരിട്ട് കണ്ട് വി.മുരളീധരനും കെ.സുരേന്ദ്രനും മുന്നറിയിപ്പ് നൽകിയത്. റിപ്പോർട്ട് നേരത്തെ അമിത്ഷാക്ക് അയച്ചിട്ടുള്ളതിനാൽ തിരുത്തൽ കേന്ദ്ര നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ഇവർ കുമ്മനത്തെ അറിയിച്ചു. അതേ സമയം എം.ടി രമേശിന്റെ പേര് റിപ്പോർട്ടിൽ ചേർത്തതിലും റിപ്പോർട്ട് ചോർത്തിയതിലും മുരളീധര പക്ഷത്തെ ഉന്നത നേതാക്കൾക്ക് പങ്കുണ്ടെന്നാണ് കൃഷ്ണദാസ് വിഭാഗത്തിന്റെ പരാതി. യോഗത്തിലും യോഗശേഷം കുമ്മനത്തെ പ്രത്യേകം കണ്ടപ്പോഴും ഇവർ ഇക്കാര്യം ഉന്നയിച്ചു. വി.വി.രാജേഷിൽ മാത്രം അച്ചടക്ക നടപടി ഒതുക്കരുതെന്നും എത്ര ഉന്നതരാലായും വിടരുതെന്നും രമേശ് അടക്കമുള്ള കൃഷ്ണദാസ് പക്ഷ നേതാക്കൾ ആവശ്യപ്പെട്ടു.
