ചങ്ങനാശ്ശേരി:  ഫെയ്സ് ബുക്ക് വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത കോളേജ് വിദ്യാർത്ഥിനിയെ ലൈംഗീകമായി പീഡിപ്പിച്ച് പണവും സ്വർണാഭരണങ്ങളും തട്ടിയെടുത്ത കേസിൽ യുവാവിനെ കോതമഗലം പൊലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശേരി സ്വദേശി കാരിക്കൂട്ടത്തിൽ നിബിൻ സജിയാണ് പിടിയിലായത്. 

ആറു മാസം മുമ്പാണ് നിബിൻ സജി കോതമംഗലത്ത് പഠിക്കുന്ന എറണാകുളം സ്വദേശിനിയായ പതിനേഴുകാരിയെ ഫേസ് ബുക്കിലൂടെ പരിചയപ്പെട്ടത്. തുടർന്ന് എറണാകുളത്തും, വേളാങ്കണ്ണിയിലും കുട്ടിയെ എത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. 
പെൺകുട്ടിയുടെ ആറ് പവനോളം സ്വർണാഭരണങ്ങളും, 50,000 രൂപയും തട്ടിയെടുക്കുകയും ചെയ്തു. 

ഈ പണം ഉപയോഗിച്ചാണ് ഇവർ വേളാങ്കണ്ണിയിൽ ലോഡ്ജിൽ താമസിച്ചത്. പെൺകുട്ടിയെ രണ്ട് ദിവസം കാണാതായതിനെ തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നിബിൻ സജി പിടിയിലായത്. സോഷ്യൽ മീഡിയ വഴി നിരവധി പെൺകുട്ടികളുമായി പ്രതി സൗഹൃദം സ്ഥാപിച്ച് സമാനരീതിയിൽ പീഡനവും , തട്ടിപ്പും നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. 

മറ്റ് ചില പെൺകുട്ടികളെ ഇത്തരത്തിൽ വലയിൽ വീഴ്ത്തിതിൻറെ തെളിവുകളും നിബിൻറെ മൊബൈലിൽ നിന്നും പൊലീസിന് ലഭിച്ചിട്ടുണ്ട്. ആറ് മാസം മുമ്പ് പത്തനംതിട്ട സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത മറ്റൊരു വിദ്യാർത്ഥിനിയെ പീഡിപ്പിച്ചതിന്  ഇയാള്‍ 90 ദിവസം റിമാന്റിൽ കഴിഞ്ഞിരുന്നു. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷമാണ് സമാനമായ കുറ്റകൃത്യത്തിൽ വീണ്ടും അറസ്റ്റിലായത്. പോക്സോ നിയമപ്രകാരമാണ് ഇയാൾക്കെതിരെ കേസ്സെടുത്തിരിക്കുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.