ഗായകന്റെ പേരില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി അഞ്ജാതന്‍ പണം തട്ടി. ഐഡിയ സ്റ്റാര്‍ സിങ്ങര്‍ സീസണ്‍-4ലെ വിജയി ജോബി ജോണിന്റെ പേരില്‍ ഫേസ്ബുക്കില്‍ പ്രൊഫൈല്‍ സൃഷ്‌ടിച്ചായിരുന്നു തട്ടിപ്പ്. മൂന്ന് ലക്ഷം രൂപ തട്ടിയെടുത്തെന്ന് കാണിച്ച് ജോബി ജോണ്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കി.

സ്റ്റാര്‍ സിങ്ങര്‍ വിജയിയായ ഗായകന്‍ ജോബി ജോണിന്റെ ചിത്രം ഉപയോഗിച്ച് ഉണ്ടാക്കിയ ഫേസ് ബുക്ക് പ്രൈഫൈല്‍ മുഖേന അജ്ഞാതന്‍ നിരവധി പേരില്‍ നിന്ന് പണം തട്ടിയെന്നാണ് പരാതി. ബന്ധുവിന് അസുഖമാണെന്നും ധനസഹായം നല്‍കണമെന്നും ആവശ്യപ്പെട്ട് വ്യാജ ഐഡിയില്‍ നിന്ന് ഇയാള്‍ ജോബി ജോണിന്റെ സുഹൃത്തുക്കള്‍ക്കും സന്ദേശം അയച്ചു. സന്ദേശം കണ്ട ചില സുഹൃത്തുക്കള്‍ വ്യാജന്‍ പറഞ്ഞ അക്കൗണ്ടിലേക്ക് പണവും അയച്ചു. എന്നാല്‍ സംശയം തോന്നിയ ഒരു സുഹൃത്ത് വിവരം ജോബിയോട് അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് നടന്ന വിവരം മനസിലാകുന്നത്. ജോബിയുടെ ചിത്രം പ്രൊഫൈല്‍ ആക്കിയ വാട്ട്സ് ആപ്പ് നമ്പരില്‍ നിന്നും വ്യാജന്‍ പലര്‍ക്കും സന്ദേശങ്ങള്‍ അയച്ചിട്ടുണ്ട്. വ്യാജപ്രൊഫൈല്‍ സംബന്ധിച്ച് കൊച്ചി സൈബര്‍ സെല്ലില്‍ ജോബി ജോണ്‍ പരാതി നല്‍കി. വ്യാജനായുള്ള അന്വേഷണം ആരംഭിച്ചതായി സൈബര്‍ പൊലീസ് അറിയിച്ചു.