ലഖ്നൗ: ഫേസ്ബുക്ക് സുഹൃത്തും സഹോദരന്മാരും ചേർന്ന് ബലാത്സംഗം ചെയ്തതായി യുവതിയുടെ പരാതി. ഉത്തർപ്രദേശിലെ ഷംലി ജില്ലയിലാണ് സംഭവം. ബലാത്സംഗം ചെയ്ത ശേഷം വിവാഹം കഴിക്കാന്‍ ഭീഷണിപ്പെടുത്തുന്നതായി യുവതിയുടെ പരാതിയിൽ പറയുന്നു. ഇരുപത്തിമൂന്നുകാരിയാണ് പരാതിയുമായി മുസാഫർപൂർ പൊലീസിനെ സമീപിച്ചത്.

വെള്ളിയാഴ്ചയാണ് പരാതിയുമായി യുവതി പൊലീസിനെ സമീപിച്ചത്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട തന്റെ ഉറ്റ സുഹൃത്ത് സോനു എന്നയാളാണ് തന്നെ ബലാത്സംഗം ചെയ്തതെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. സംഭവ ദിവസം യുവതിയെ സോനു ഹോട്ടലിൽ എത്തിച്ചു. ശേഷം സ്ഥലത്തെത്തിയ സഹോദരന്‍മാരന്മാരോടൊപ്പം ഇയാൾ യുവതിയെ ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങൾ ചിത്രീകരിക്കുകയും ചെയ്തതായാണ് പരാതി. 

ശേഷം ഈ വീഡിയോ ഉപയോഗിച്ച് സോനുവിനെ വിവാഹം കഴിക്കാന്‍ ആവശ്യപ്പെടുകയും ഇല്ലെങ്കിൽ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതിയുടെ പരാതിയിൽ‌ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ സോനുവിനും ബന്ധുക്കളായ പത്ത് പേര്‍ക്കുമെതിരെയും കേസെടുത്തതായി പൊലീസ് അറിയിച്ചു.