മൂന്നാറിലെ പൊമ്പിളൈ ഒരുമൈ സമരത്തിനെതിരെയുള്ള പരാമര്‍ശത്തില്‍ ഏറെ പഴികേട്ട ശേഷം മണിയാശാന്‍ കുറച്ചു ദിവസമായി ഒതുങ്ങിയിരിക്കുകയായിരുന്നു. നാക്ക് പിഴകൊണ്ട് മാത്രം പലപ്പോഴും കുഴിയില്‍ ചാടിയ മണിയാശാന്റെ ചരിത്രമൊക്കെ പഴങ്കഥയാണ്. ഇന്ന് കൃത്യമായി കുറിക്ക് കൊള്ളുന്ന വാക്കുകള്‍ അപകടം കൂടാതെ പറയാനും ചെയ്യാനുമൊക്കെ അദ്ദേഹത്തിനറിയാം.
സംഭവം മറ്റൊന്നുമല്ല, ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം നയിക്കുന്ന ജനരക്ഷായാത്രയാണ് വിഷയം. ജനരക്ഷായാത്ര മുഖ്യമന്ത്രിയുടെ മണ്ഡലമായ പിണറായിയിലൂടെ കടന്നു പോകുമ്പോള്‍ അമിത് ഷാ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് തീരുമാനം മാറ്റുകയും ചെയ്തു. മുഖ്യമന്ത്രിയുടെ നാട്ടിലെ യാത്രയില്‍ അമിത് ഷാ പങ്കെടുക്കുന്നില്ലെന്ന വാര്‍ത്ത വന്ന ഉടന്‍ എം.എം. മണിയുടെ ഔദ്യോഗിക ഫേസ്ബു്ക്കില്‍ ഒരു കുറിപ്പ്് വന്നു. അത് ഇങ്ങനെയായിരുന്നു.
ഉള്ളത്തില്‍ ഭയമേറുകമൂലം
വെള്ളത്തില്‍ ചിലര്‍ ചാടിയൊളിച്ചും
വള്ളിക്കെട്ടുകള്‍തോറും ചെന്നതി
നുള്ളില്‍പുക്കിതു പലജനമപ്പോള്‍
മണ്ണില്‍ പലപല കുഴിയുണ്ടാക്കി
'പ്പൊണ്ണന്‍മാര്‍' ചിലരവിടെയൊളിച്ചു.
ഈ വരികള്‍ ഇവിടെ ഇരുന്നോട്ടെ ....
'പ്പൊണ്ണന്‍മാര്‍' പലരും ഓടി ഒളിക്കുകയാണല്ലോ
ജനരക്ഷ യാത്രയെ കുറിച്ചാണെന്നോ, അതില്‍ പങ്കെടുത്തവരെ കുറിച്ചാണെന്നോ ഒന്നും കുറിപ്പില്‍ പറയുന്നില്ലെങ്കിലും കാര്യം മനസിലാക്കിയ ട്രോളന്‍മാര്‍ പണി തുടങ്ങിക്കഴിഞ്ഞു. മണിയുടെ പോസ്റ്റുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളാണ് ഇറങ്ങിയിരിക്കുന്നത്. അതേസമയം അമിത് ഷായ്ക്ക് പിണറായിയിലൂടെ നടക്കാന്‍ ധൈര്യമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചിരുന്നു.
