കോഴിക്കോട്: സ്കൂളിലെ അധ്യാപകര്‍ മകനെ മാനസികമായും ശാരീരികമായും ദ്രോഹിക്കുന്നു എന്ന് കാണിച്ച് ബാലാവകാശ കമ്മീഷനില്‍ നല്‍കിയ പരാതിയിലെ അന്വേഷണം വ്യാജരേഖ ചമച്ച് അട്ടിമറിക്കാന്‍ ശ്രമിച്ചതായി പരാതി. കോഴിക്കോട് ആരാമ്പ്രം സ്വദേശി നൗഫല്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് കേസെടുത്ത് അന്വേഷണം നടത്താന്‍ കുന്ദമംഗലം കോടതി ഉത്തരവിട്ടു.

കോഴിക്കോട് മടവൂര്‍ ചക്കാലക്കല്‍ ഹൈസ്ക്കൂളിലെ രണ്ട് അധ്യാപകര്‍ മകനെ ശാരീരികമായും മാനസികമായും ദ്രോഹിക്കുന്നു എന്ന് കാണിച്ചാണ് ആരാമ്പ്രം സ്വദേശി നൗഫല്‍ ബാലാവകാശ കമ്മീഷനില്‍ പരാതി നല്‍കിയത്. 2015 ല്‍ മകന്‍ നയീം നൗഫല്‍ സ്കൂളില്‍ പഠിച്ചിരുന്ന കാലത്തായിരുന്നു ഈ പരാതി. അഹമ്മദ് കോയ, അബ്ദുല്‍ ഗഫൂര്‍ എന്നീ അധ്യാപകര്‍ നിരന്തരം ദ്രോഹിക്കുന്നുവെന്ന് പരാതിപ്പെട്ടതിനെ തുടര്‍ന്ന് അന്വേഷണം നടന്നു. 

എന്നാല്‍ വ്യാജ രേഖ ചമച്ച് ഇത് അട്ടിമറിച്ചതായി നൗഫല്‍ ആരോപിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കിയതിനെ തുടര്‍ന്ന് മുന്‍ ഡി.ഇ.ഒ അടക്കം നാലു പേര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ കുന്ദമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരിക്കുകയാണിപ്പോള്‍.

സ്കൂളില്‍ നയീം പ്രശ്നക്കാരനാണ് എന്ന് തെളിയിക്കാനായി വ്യാജ പണിഷ്മെന്‍റ് രജിസ്റ്റര്‍ അടക്കം നിര്‍മ്മിച്ചുവെന്നാണ് പരാതിയില്‍ നൗഫല്‍ ആരോപിച്ചിരിക്കുന്നത്. അന്നത്തെ ഡി.ഇ.ഒ അടക്കമുള്ളവര്‍ ഇതിന് കൂട്ടു നിന്നുവെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. സ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ് ഇപ്പോള്‍ നിയമ പഠനം നടത്തുകയാണ് നയീം നൗഫല്‍.