അന്തര്‍ സംസ്ഥാന കളളനോട്ട് സംഘം ആറ്റിങ്ങലില്‍ പിടിയില്‍. സിനിമാ സീരിയല്‍ നടനും റിസോര്‍ട്ട് ഉടമയും സ്‌ത്രീയും ഉള്‍പ്പെടെയുളള സംഘമാണ് അറസ്റ്റിലായത്.

സംസ്ഥാനത്തൊട്ടാകെ വര്‍ഷങ്ങളായി വന്‍തോതില്‍ കളളനോട്ട് വിതരണം നടത്തുന്ന സംഘമാണ് പൊലീസിന്‍റെ വലയിലായത്. വര്‍ക്കലയില്‍ റിസോര്‍ട്ട് ഉടമയായ ജയന്തന്‍, തൃശൂര്‍ ആന്പല്ലൂര്‍ സ്വദേശി പ്രദീപ്, കിളിമാനൂര്‍ സ്വദേശിയും സീരിയല്‍ സിനിമാ നടനുമായ അന്‍സാരി, വര്‍ക്കല സ്വദേശി ഷിനു, ചാത്തന്നൂര്‍ സ്വദേശി ബോസ് തോമസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സംഘത്തില്‍പ്പെട്ട മഞ്ജു എന്ന സ്‌ത്രീയെ കഴിഞ്ഞ ദിവസം ആറ്റിങ്ങലില്‍ വച്ച് കളളനോട്ട് മാറാന്‍ ശ്രമിക്കുന്നതിനിടെ പിടികൂടിയിരുന്നു. നഗരത്തിലെ ഒരു ഹോട്ടലുടമ നല്‍കിയ പരാതിയിലാണ് മഞ്ജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് മറ്റു പ്രതികളെ കുറിച്ച് വിവരം ലഭിച്ചു. 5000 രൂപയുടെ കളളനോട്ടും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. രണ്ടാം പ്രതിയായ പ്രദീപിനൊപ്പം രണ്ട് വര്‍ഷമായി കളളനോട്ട് വിതരണം നടത്തിവരികയാണ് മഞ്ജുവെന്ന് പൊലീസ് പറയുന്നു. രണ്ട് വര്‍ഷത്തിനിടെ 20 ലക്ഷം രൂപയുടെ കളളനോട്ട് സംസ്ഥാനത്ത് വിതരണം ചെയ്തെന്നാണ് പ്രതികള്‍ നല്‍കിയ മൊഴി.

ആശംസകളോടെ അന്ന എന്ന പേരില്‍ സ്വന്തമായി സിനിമയെടുത്ത അന്‍സാരി സാന്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നാണ് കളളനോട്ട് ബിസിനസിലേക്ക് തിരിഞ്ഞത്. സംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്നാണ് പൊലീസിന്‍റെ നിഗമനം. കോയന്പത്തൂര്‍, ബംഗലൂരു, തെങ്കാശി എന്നിവിടങ്ങളില്‍ കൂടുതല്‍ പേര്‍ക്കായി തിരച്ചില്‍ നടത്തിവരികയാണ്.