കോഴിക്കോട് താമരശ്ശേരിയില്‍ ചിക്കന്‍ സ്റ്റാളില്‍ മോഷണത്തിനെത്തിയ യുവാവിനെ നാട്ടുകാര്‍ കടയ്ക്കുള്ളിലിട്ട് പൂട്ടി പോലീസില്‍ ഏല്‍പ്പിച്ചു. പുലര്‍ച്ചെ മൂന്ന് മണിക്ക് നടന്ന സംഭവത്തില്‍ കണ്ണൂര്‍ സ്വദേശി മഹേഷാണ് പിടിയിലായത്. ഇയാള്‍ക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മോഷണക്കേസുകളുണ്ടെന്ന് പോലീസ് അറിയിച്ചു. 

കോഴിക്കോട്: ചിക്കന്‍ സ്റ്റാളില്‍ മോഷണം നടത്താന്‍ ശ്രമിച്ച യുവാവിനെ കൈയ്യോടെ പിടികൂടി. കോഴിക്കോട് താമരശ്ശേരി പരപ്പന്‍ പൊയിലിലെ എം.ആര്‍ ചിക്കന്‍ സ്റ്റാളിലാണ് മോഷണശ്രമം നടന്നത്. കണ്ണൂര്‍ തോട്ടങ്കല്‍ തടിക്കാവ് സ്വദേശി ടി.സി മഹേഷി(30) നെയാണ് പിടികൂടിയത്. 

പുലര്‍ച്ചെ മൂന്നു മണിയോടെയാണ് സംഭവം. ചിക്കന്‍ സ്റ്റാളിന്റെ വാതിലിന് പൂട്ട് ഉണ്ടായിരുന്നില്ല. കടയില്‍ എത്തിയ മഹേഷ് അകത്തുകയറി മോഷണത്തിന് ശ്രമിക്കുകയായിരുന്നു. എന്നാല്‍ കടയ്ക്ക് സമീപത്തായി കാറില്‍ ആളുകളുണ്ടായിരുന്നത് ഇയാള്‍ ശ്രദ്ധിച്ചില്ല. മഹേഷിനെ നിരീക്ഷിച്ച ഇവര്‍ ഇയാള്‍ മോഷ്ടിക്കാനായി കയറിയതാണെന്ന് മനസ്സിലാക്കിയപ്പോള്‍ കടയുടെ വാതില്‍ പുറത്തു നിന്ന് പൂട്ടി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ താമരശ്ശേരി പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ വട്ടക്കുണ്ട് പ്രവര്‍ത്തിക്കുന്ന പച്ചക്കറി കടയിലും കാരാടി എച്ച്പി പമ്പിന് സമീപം പ്രവര്‍ത്തിക്കുന്ന 18-കഫെ എന്ന ഷോപ്പിലും ഇയാള്‍ തന്നെയാണ് കവര്‍ച്ച നടത്തിയതെന്ന് കടയുടമകള്‍ പറഞ്ഞു. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ മോഷണം നടത്തിയതിന് ഇയാളുടെ പേരില്‍ കേസുകളുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.