കൊട്ടാരക്കര–ദിണ്ഡിഗൽ ദേശീയ പാതയിൽ കുട്ടിക്കാനത്തിന് സമീപം വളഞ്ഞങ്ങാനത്താണ് രണ്ടര ലക്ഷം രൂപയുടെ കള്ളനോട്ടുകൾ കണ്ടെത്തിയത്. 1000 രൂപയുടെ 258 നോട്ടുകളായിരുന്നു ഉപേക്ഷിച്ച നിലയിലുണ്ടായിരുന്നത്. റോഡരുകിലെ മാലിന്യക്കൂന്പാരത്തിൽ നോട്ടുകൾ ചിതറിക്കിടക്കുന്നത് നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്. പീരുമേട് സി.ഐയും എസ്.ഐയും സ്ഥലത്തെത്തി പരിശോധന നടത്തി. സാധാരണ നോട്ടുകളെ അപേക്ഷിച്ച് കട്ടികൂടുതലുള്ളതാണ് ഇവയെന്ന് വ്യക്തമായതോടെ നോട്ടുകൾ ബാങ്കിലെത്തിച്ച് കള്ളനോട്ടാണെന്ന് സ്ഥിരീകരിച്ചു. തുടർന്ന് പീരുമേട് കോടതിയിൽ ഏൽപ്പിച്ചു. കള്ളനോട്ട് കണ്ടെത്തിയ സംഭവത്തിൽ പീരുമേട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.