കൊച്ചി: നടന്‍ ദിലീപിനെതിരെ ചുമത്തിയിരിക്കുന്നത് കൃത്രിമമായി തെളിവുകളാണെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ രാംകുമാര്‍ പറഞ്ഞു. രാവിലെ മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ ദിലീപിനെ ഹാജരാക്കിയപ്പോള്‍, ജാമ്യാപേക്ഷയുമായി എത്തിയത് രാംകുമാര്‍ ആയിരുന്നു. ദിലീപിനെതിരായ തെളിവുകള്‍ ദുര്‍ബലവും കൃത്രിമവുമാണെന്നും ജാമ്യം അനുവദിക്കണമെന്നും രാംകുമാര്‍ മജിസ്‌ട്രേറ്റിന് മുമ്പാകെ വാദിച്ചു. എന്നാല്‍ ഈ വാദം അംഗീകരിക്കാന്‍ തയ്യാറാകാതെ മജിസ്‌ട്രേറ്റ് നടനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു. ദിലീപിനുവേണ്ടി നാളെ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുമെന്ന് അഭിഭാഷകനുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പൊലീസ് നാളെ കസ്റ്റഡി അപേക്ഷ നല്‍കുന്നുണ്ട്. അതുകൊണ്ടുതന്നെ കോടതിയില്‍ ഇതുസംബന്ധിച്ച് വാദം നടക്കാനുള്ള സാധ്യത കൂടുതലാണ്.